സൽമാനിയ അവന്യുവിൽ വേഗ പരിധി കുറച്ചത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി പരാതി
മനാമ : സൽമാനിയ ആശുപത്രി റെഡ് ടാഗിന് മുന്നിലെ റോഡിൽ വേഗ പരിധി കുറച്ചത് ഇവിടുത്തെ ഗതാഗതം തടസ്സപ്പെടുന്നതായി പരാതി. ഇവിടെ 50 കിലോമീറ്റർ മാത്രമാണ് വാഹനങ്ങൾക്ക് വേഗത അനുവദിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ രാവിലെ ഓഫീസ് സമയത്തും ഉച്ചയ്ക്ക് ഓഫീസ് വിട്ടു വരുന്ന സമയങ്ങളിലും ഈ ഭാഗത്ത് കടുത്ത ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതായി ഡ്രൈവർമാർ പരാതിപ്പെടുന്നു.
മനാമ, ഗുദൈബിയ ഹൂറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും സിഞ്ച്, ഇസാ ടൗൺ ഭാഗങ്ങളിലേയ്ക്ക് പോകുന്ന വാഹനങ്ങൾ പലപ്പോഴും ഇവിടെ ഗതാഗതക്കുരുക്കിൽ പെടുന്നത് സാധാരണ കാഴ്ചയാണ്. ഈ ഭാഗത്തു മൂന്നോളം ബസ് സ്റ്റോപ്പുകളും ഉണ്ട്. പലപ്പോഴും സ്റ്റോപ്പുകളിൽ എത്തുന്ന ബസ്സുകൾക്ക് മുന്നോട്ട് നീങ്ങാൻ പറ്റാത്ത വിധത്തിൽ ഇവിടെ ഗതാഗതക്കുരുക്കു അനുഭവപ്പെടുന്നത് ബസ് യാത്രക്കാർക്ക് സമയ നഷ്ടം ഉണ്ടാക്കുന്നു.
പത്തോ പതിനഞ്ചോ മിനുട്ട് ഇടവേളകളിൽ സർവ്വീസുകൾ നടത്തേണ്ട ബസ്സുകൾ പലതും ഒരുമിച്ചു പോകുന്നത് ഈ പ്രദേശത്തെ സ്ഥിരം കാഴ്ചയാണ്. സ്‌കൂൾ തുറക്കുന്നതോടെ ഈ ഭാഗത്തുള്ള ഗതാഗതക്കുരുക്ക് ഇരട്ടിയാകാനാണ് സാധ്യത.

