ഡ്രൈ­വിംഗ് ക്ലാസ് ഫീസ് വർ­ദ്ധന : സാ­ധാ­രണക്കാ­ർ­ക്ക് ഡ്രൈ­വിംഗ് പരി­ശീ­ലനം ബാ­ധ്യതയാ­കും


മനാമ : ഡ്രൈവിംഗ് ക്ലാസിനായുള്ള ഫീസ് നിരക്ക് വർദ്ധിപ്പിച്ചത് സാധാരണക്കാരായ തൊഴിലാളികൾക്കും കുറഞ്ഞ ശന്പളം ലഭിക്കുന്നവർക്കും വൻ ബാധ്യതയായിത്തീരും. അഞ്ച് ദിനാർ ഫീസ് നിരക്ക് ഉള്ളപ്പോൾ തന്നെ ഡ്രൈവിംഗ് അദ്ധ്യാപകർ 10 ദിനാർ ആണ് മണിക്കൂറിന് ഈടാക്കിയിരുന്നത്. അധികൃതർ ഫീസ് നിരക്ക് വർദ്ധിപ്പിച്ചതോടെ അദ്ധ്യാപകർ മണിക്കൂറിന് 15 ദിനാറെങ്കിലും ഈടാക്കാനാണ് സാധ്യത. ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നത് പല ജോലികൾക്കും അധിക യോഗ്യതയായി കണക്കാക്കുന്നത് കൊണ്ടും ഈ മേഖലയിൽ അധിക വിദ്യാഭ്യാസ പരിജ്ഞാനമോ ഭാഷയോ പ്രശ്നമല്ലാത്തത് കൊണ്ടും നിരവധി പേരാണ് ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടി ദിവസവും അപേക്ഷ നൽകിക്കൊണ്ടിരിക്കുന്നത്. ഈ ഇനത്തിൽ തന്നെ ഗതാഗത മന്ത്രാലയത്തിൽ നല്ലൊരു വരുമാനം ലഭ്യമാകുന്നുമുണ്ട്.

കുറഞ്ഞത് 24 ക്ലാസ് എങ്കിലും എടുത്താൽ മാത്രമേ ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാൻ കഴിയുകയുള്ളൂ. പ്രതിദിനം 15 ദിനാർ ഫീസ് നൽകേണ്ടി വരുന്പോൾ ആദ്യടെസ്റ്റിന് യോഗ്യത നേടണമെങ്കിൽ ഈയിനത്തിൽ തന്നെ വലിയൊരു ഫീസ് നിരക്കാണ് അപേക്ഷകൻ ചിലവാക്കുന്നത്. ആദ്യ ടെസ്റ്റ് തന്നെ പരാജയപ്പെട്ടാൽ അധികൃതർ ആവശ്യപ്പെടുന്നത്രയും പരിശീലന ദിവസങ്ങൾ വീണ്ടും അപേക്ഷകൻ പരിശീലിക്കാൻ ബാധ്യസ്ഥനാണ്. അതുകൊണ്ട് തന്നെ ഫീസിനത്തിൽ തന്നെ നല്ലൊരു തുക ഡ്രൈവിംഗ് വിദ്യാർത്ഥിക്ക് മാറ്റിവെയ്ക്കേണ്ടി വരുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനുള്ള പരീക്ഷ കുറച്ചു ലഘൂകരിക്കുകയും അതുവഴി നിരവധി പേർക്ക് ലൈസൻസ് ലഭിക്കുകയുമുണ്ടായി. അതോടെയാണ് അപേക്ഷകരുടെ എണ്ണം അധികരിച്ചത്. ഡ്രൈവിംഗ് പരീക്ഷാ തീയ്യതി ഓൺ ലൈൻ വഴി എടുക്കാവുന്നതും കുറെ പേർക്ക് അ‌ശ്വാസമാകുന്നുണ്ട്.

ഇതിനിടെ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് അവരുടെ തൊഴിൽ മേഖല കൂടി പരിഗണിച്ചു കൊണ്ടാവണമെന്നും, ഡ്രൈവിംഗ് അവരുടെ ജോലിക്ക് അത്യാവശ്യമാണെന്ന് കണ്ടാൽ മാത്രമേ അവ പരിഗണിക്കേണ്ടതുള്ളൂ എന്നുമുള്ള നിബന്ധന കൊണ്ടുവരാൻ അധികൃതർ ശ്രമം നടത്തിയിരുന്നെങ്കിലും പാർലമെന്റിൽ ഇക്കാര്യത്തിന് കടുത്ത എതിർപ്പ് വന്നതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു.

നിലവിൽ അപേക്ഷ സമർപ്പിച്ചാൽ ചുരുങ്ങിയ മാസം കൊണ്ട് തന്നെ ടെസ്റ്റ് തീയ്യതി ലഭിക്കുന്നുണ്ടെന്നത് ആശ്വാസകരമായതിനാൽ നിരവധി അപേക്ഷകർ ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും പുതിയ ക്ലാസ് ഫീസ് നിരക്ക് വന്നത് സാധാരണക്കാർക്ക് അപ്രാപ്യമാകുമെന്നതിൽ യാതൊരു സംശയവുമില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed