‘കേരളാ യൂണിറ്റി കപ്പ് 2017’ന് തുടക്കം

മനാമ : ബഹ്‌റൈനിലെ മലയാളികളായ ഫുട്ബോൾ താരങ്ങളെ അണിനിരത്തി നടത്തുന്ന കേരളാ യൂണിറ്റി കപ്പ് 2017 ബുസൈറ്റിൻ ക്ലബ്ബ് ഗ്രൗണ്ടിൽ ഇന്നലെ മുതൽ ആരംഭിച്ചു.
പ്രവാസികളുടെ നേതൃത്വത്തിലുള്ള വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഇതിന്റെ സംഘാടക സമിതി രൂപീകരിച്ചിട്ടുള്ളത്. എല്ലാ വ്യാഴാഴ്ചയും രാത്രി 9.30 മുതലാണ് മത്സരം ആരംഭിക്കുക. അൽ കേരാളാവി, യുവകേരള, ഐ.എഫ്.എഫ്.എഫ്.സി, കെ.എം.സി.സി, മറീന എഫ്.സി, ഷോ സ്റ്റോപ്പേഴ്‌സ്, കെ.എച്ച് യുണൈറ്റഡ്, മനാമ എഫ്.സി എന്നീ ടീമുകളാണ് മത്സരിക്കുക.
ലീഗ് അടിസ്‌ഥാനത്തിൽ 8 എ സൈഡ് എന്ന രീതിയിലാണ് ടൂർണ്ണമെന്റ് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. എട്ട് കളിക്കാർ, നാല് പകരക്കാർ, ഒരു അഡീഷണൽ എന്നിങ്ങനെ 12 കളിക്കാരെ ഒരു ടീം സജ്ജമാക്കണം. സപ്തംബർ 22നു സമാപിക്കുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്ന ടൂർണ്ണമെന്റിൽ മികച്ച കളിക്കാരൻ, ടോപ്പ് സ്‌കോറർ, മികച്ച ഗോൾ കീപ്പർ, മികച്ച ഡിഫന്റർ എന്നിങ്ങനെ പ്രത്യേക സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു.