സ്വകാര്യ ബ്യൂട്ടീഷ്യന്മാർ അംഗീകൃത സലൂണുകൾക്ക് ഭീഷണിയാകുന്നതായി പരാതി

മനാമ : സ്വകാര്യ വ്യക്തികൾ വീടുകൾ കയറിയിറങ്ങി നടത്തുന്ന അനധികൃത സലൂൺ ബിസിനസ് അംഗീകൃത സലൂണുകൾക്ക് വൻ നഷ്ടം വരുത്തുന്നതായി പരാതി. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും വാടകയും കൊടുത്ത് നടത്തുന്ന സലൂൺ നടത്തിപ്പുകാരാണ് പരാതി ഉന്നയിച്ചിട്ടുള്ളത്. ബഹ്റൈനിൽ പലയിടത്തുമായി സ്വകാര്യ വ്യക്തികൾ വീടുകൾ കയറിയിറങ്ങി ബ്യൂട്ടീഷ്യൻ ജോലികൾ കുറഞ്ഞ നിരക്കിൽ ചെയ്തു കൊടുക്കുന്നുണ്ട്. ഇത് തങ്ങളുടെ ബിസിനസ്സിനെ സാരമായി ബാധിക്കുന്നുണ്ടെന്ന് സലൂൺ ഉടമകൾ പറയുന്നു. ബഹ്‌റൈനിലെ ചെറുതും വലുതുമായ സലൂൺ ഉടമകൾ കഴിഞ്ഞ ദിവസം ഒത്തു ചേർന്ന് തങ്ങൾക്കു മുന്നിലുള്ള പ്രതിസന്ധി പരിഹരിക്കാൻ വേണ്ടുന്ന നിയമ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സിൽ വെച്ച് നടന്ന യോഗത്തിൽ കമ്മിറ്റി ഹെഡ് ഖവ് ല ബു ഹിജിയും ടൂറിസം മന്ത്രാലയത്തിലെ ഡൊമസ്റ്റിക് ട്രേഡ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹമീദ് റഹ്‌മാൻ എന്നിവരും സംബന്ധിച്ചു.
സലൂണിൽ നിയമിക്കപ്പെടുന്ന ജോലിക്കാർ ഒരു വർഷം തന്നെ മൊബിലിറ്റി എടുത്ത് മറ്റു സ്ഥാപനങ്ങളിലേയ്ക്കോ സ്വകാര്യ ജോലികൾക്കായോ മാറുന്നതാണ് തങ്ങളെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു പ്രശ്നമെന്നും യോഗം അധികൃതരോട് പറഞ്ഞു. തങ്ങൾ ബിസിനസ് ആരംഭിച്ച ആദ്യ വർഷം തന്നെ ഇത്തരത്തിൽ തൊഴിലാളികൾ വിട്ടു പോകുന്നത് തങ്ങളുടെ ബിസിനസിനെ സാരമായി ബാധിക്കുന്നു. സ്ഥാപനം തുടങ്ങാൻ തുടക്കം മുടക്കിയ പണം പോലും ലഭിക്കുന്നതിന് മുന്പ് തന്നെ ഇത്തരത്തിൽ തൊഴിലാളികൾ മാറിപ്പോകുന്നത് ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കണം. പലരും ആദ്യവർഷം മികച്ച പരിശീലനം നേടിയാണ് സ്ഥാപനങ്ങളിൽ നിന്ന് മാറിപ്പോകുന്നത്. അവർ തങ്ങളുടെ സ്ഥാപനങ്ങൾക്ക് സമീപത്തു തന്നെ മറ്റൊന്ന് ആരംഭിക്കുകയോ അല്ലെങ്കിൽ തങ്ങളുടെ ഉപഭോക്താക്കളെ നേരിൽ കണ്ട് വീടുകളിൽ ചെന്ന് ബ്യൂട്ടീഷ്യൻ ജോലികൾ ചെയ്തുകൊടുക്കുന്നു. അതോടെ തങ്ങളുടെ സ്ഥാപനത്തിൽ വരുന്ന നല്ലൊരു ശതമാനം ഉപഭോകതാക്കളെയും തങ്ങൾക്കു നഷ്ടമാകുന്നതായും സലൂൺ ഉടമകൾ ചൂണ്ടിക്കാണിച്ചു. പകുതിയോളം ഉപഭോക്താക്കളെങ്കിലും ഇത്തരത്തിൽ തങ്ങൾക്കു നഷ്ടമാകുന്നുണ്ടെന്ന് സലൂൺ ഉടമകൾ പറഞ്ഞു. ബിസിനസ് ഒരു നിശ്ചിത നിലവാരത്തിൽ എത്തുന്നത് വരെയെങ്കിലും എൽഎംആർഎ ഫീസ് നിരക്കിൽ തങ്ങൾക്ക് ഇളവ് ചെയ്തു തരണമെന്നും സലൂൺ ഉടമകൾ ആവശ്യപ്പെട്ടു. അതുപോലെ അനധികൃത ബ്യൂട്ടീഷ്യന്മാർ നടത്തുന്ന പരസ്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും സലൂൺ ഉടമകൾ ആവശ്യപ്പെട്ടു.