ട്രാൻസിറ്റ് യാത്രക്കാരുടെ ബാഗേജുകൾ എത്തിയില്ല ; പരാതികളുമായി പ്രവാസികൾ

മനാമ : ബഹ്റൈനിലേയ്ക്ക് വരുന്ന ട്രാൻസിറ്റ് വിമാനയാത്രക്കാരുടെ ബാഗേജുകൾ വൈകുന്നതായി പരാതി. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് മറ്റു ജിസിസി രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴി ബഹ്റൈനിലേയ്ക്ക് വരുന്ന യാത്രക്കാരുടെ ബാഗേജുകളാണ്് വൈകുന്നത്. നാട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കളും അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും പലപ്പോഴും ഉപയോഗ ശൂന്യമായ അവസ്ഥയിലാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഒമാൻ എയറിൽ ഇന്ത്യയിൽ നിന്നും എത്തിയ ചില യാത്രക്കാരുടെ ബാഗേജുകൾ ഇതുവരെയും ലഭിച്ചില്ലെന്ന പരാതിയാണ് ഇക്കാര്യത്തിൽ ഒടുവിൽ ഉണ്ടായിരിക്കുന്നത്. ഗോവയിൽ നിന്നും പുറപ്പെട്ട് ഒമാൻ വഴി ട്രാൻസിറ്റ് യാത്ര ചെയ്ത യാത്രക്കാരുടെ ബാഗേജുകളാണ് ഇതുവരെയായും ലഭിക്കാത്തത്.
ഒമാനിൽ നിന്ന് ഗൾഫ് എയറാണ് യാത്രക്കാരെ ബഹ്റൈനിൽ എത്തിച്ചത്. ഇതേ വിമാനത്തിൽ പല രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേയ്ക്ക് എത്തിയ യാത്രക്കാരുടെ ബാഗേജുകൾ ഒന്നും ഇതുവരെയും ലഭിച്ചിട്ടില്ല. ഒമാനിൽ നിന്ന് മറ്റു വിമാനക്കന്പനികളുടെ വിമാനത്തിലേയ്ക്ക് സാധനങ്ങൾ കയറ്റുന്നതിൽ ഉണ്ടാകുന്ന വീഴ്ചയാണ് ഇത്തരത്തിൽ ബാഗേജുകൾ വൈകുന്നതിനും നഷ്ടപ്പെടുന്നതിനും കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ബാഗേജുകളുടെ ഉത്തരവാദിത്വം ഒമാൻ എയറിനാണെന്ന് പറഞ്ഞ് ഗൾഫ് എയറും ഗൾഫ് എയർ സാധനങ്ങൾ കൊണ്ടുവരുന്നതിൽ വീഴ്ച വരുത്തിയെന്ന് ഒമാൻ എയർ അധികൃതരും പറഞ്ഞ് കൈയൊഴിയുന്നു.
ബാഗ്ഗേജ് ലഭിക്കാത്ത യാത്രക്കാർക്ക് വിമാനത്താവളത്തിൽ ബാഗേജുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ പരാതിപ്പെട്ടാൽ പരാതി രശീതി നൽകി സാധനം എത്തിക്കഴിഞ്ഞാൽ വിളിക്കാമെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാൽ എപ്പോൾ സാധനം ലഭിക്കുമെന്നോ സാധനം നഷ്ടപ്പെട്ടാൽ ആര് ഉത്തരവാദിയെന്നോ ഉള്ള കാര്യത്തിൽ ആർക്കും മറുപടിയില്ല. രശീതിൽ കാണിച്ചിരിക്കുന്ന ബാഗേജ് ക്ലെയിം വിഭാഗം നൽകിയിട്ടുള്ള രണ്ടു ലാൻഡ് നന്പറുകളിൽ വിളിച്ചാലും യാതൊരു വിധ മറുപടിയും ലഭിക്കുന്നില്ല.
അവധിക്കു നാട്ടിൽ പോയി വരുന്നവർ നാട്ടിൽ നിന്നും കൊടുത്തയക്കുന്ന ഭക്ഷണ സാധനങ്ങളും കുട്ടികളുടെ ഉടുപ്പുകളും മറ്റും തക്ക സമയത്തു ലഭിക്കാത്തതിനാൽ വളരെയധികം കഷ്ടതയാണ് അനുഭവിക്കുന്നത്. ഇന്നലെ ഗോവയിൽ നിന്ന് ബഹ്റൈനിലേക്കെത്തിയ ഒരു കുടുംബത്തിന്റെ എല്ലാ അംഗങ്ങളുടെയും വസ്ത്രങ്ങൾ അടക്കം അടങ്ങിയ ബാഗേജുകൾ ആണ് വഴിമധ്യേ കുടുങ്ങിക്കിടക്കുന്നതെന്ന് യാത്രക്കാർ പരാതി പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ള അഞ്ചോളം അംഗങ്ങൾ ഉള്ള കുടുംബത്തിന്റെ ബാഗേജുകൾ ഒമാനിൽ നിന്നും ഇതുവരെ എത്തിയിട്ടില്ല. ഇന്നലെ രാവിലെ 8.30നു എത്തിയ വിമാനത്തിലെ ഈ യാത്രക്കാർ ബാഗേജിനു വേണ്ടി 10.30 വരെ കാത്തു നിന്ന ശേഷമാണ് സാധനം എത്തിയിട്ടില്ലെന്ന അറിയിപ്പ് പോലും അധികൃതർ നൽകിയത്. നിരാശയിലായ കുടുംബം ഒടുവിൽ വിമാനത്താവളത്തിൽ പരാതി നൽകി രശീതും വാങ്ങി വീട്ടിലേയ്ക്ക് തിരിക്കുകയായിരുന്നു. ഒമാൻ എയറിൽ യാത്ര ചെയ്ത പല യാത്രക്കാർക്കും അടുത്ത കാലത്തായി ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഒമാൻ എയറിൽ കോഴിക്കോടേയ്ക്കു യാത്ര ചെയ്ത മലയാളി കുടുംബത്തിനെ ഒമാനിൽ വെച്ച് ബാഗേജ് അധികമാണെന്ന കാരണത്താൽ തടഞ്ഞുവെച്ച അനുഭവവും ഫോർ പിഎം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.മസ്‌ക്കറ്റ് വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് പോയ ഈ കുടുംബം അന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോയ ബാഗേജുകൾ പലതും തുറന്ന നിലയിലായിരുന്നു ഉടമസ്ഥർക്കു ലഭിച്ചതെന്ന് മാത്രമല്ല പല സാധനങ്ങളും നഷ്ടപ്പെടുകയും ചെയ്തിരുന്നു.
വേനലവധിക്ക് നാട്ടിലേയ്ക്ക് പോകുന്ന യാത്രക്കാരെ നിരക്കിന്റെ പേരിൽ കൊള്ളയടിക്കുന്നത് കൂടാതെ ഇത്തരത്തിലുള്ള ‘സേവനങ്ങളും’ നൽകി വിഷമിപ്പിക്കുന്ന സന്പ്രദായം നിറുത്തലാക്കണമെന്നും മികച്ച സേവനങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കണമെന്നുള്ള പ്രവാസികളുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യം വനരോദനമായി അവശേഷിക്കുകയാണ്.