അനധികൃത പരസ്യ പ്രദർശനം; സി.ആർ സസ്പെൻഡ് ചെയ്തു

മനാമ: പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം പ്രദർശിപ്പിച്ചതിന് നിരവധി സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ രജിസ്ട്രേഷൻ (സി.ആർ) വടക്കൻ മേഖലാ മുനിസിപ്പാലിറ്റി സസ്പെൻഡ് ചെയ്തു. വാണിജ്യപരമായ പരസ്യങ്ങൾ നൽകുന്നതിന് അനുവദിച്ചിരുന്ന സ്ഥലങ്ങൾ ലൈസൻസില്ലാതെ ഉപയോഗിച്ച പരസ്യ കന്പനികളുടെ കൊമേഴ്സ്യൽ രജിസ്ട്രേഷൻ സസ്പെൻഡുചെയ്തതായി വടക്കൻ മേഖല മുനിസിപ്പാലിറ്റി ജനറൽ ഡയറക്ടർ യൂസിഫ് അൽ ഖാതം അറിയിച്ചു.
ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിൽ മുൻസിപ്പാലിറ്റി വകുപ്പ് 250ഓളം നിയമ ലംഘനങ്ങളാണ് ഈ മേഖലയിൽ കണ്ടെത്തിയത്. പരസ്യം നീക്കം ചെയ്യുന്നതോടൊപ്പം 300 ബഹ്‌റൈൻ ദിനാർ വരെ പിഴ അടക്കേണ്ടതായും വരുമെന്ന് യൂസിഫ് അൽ ഖാതം വ്യക്തമാക്കി.