ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 14 ശതമാനം വർദ്ധനവ്

മനാമ: 2017ന്റെ ആദ്യ പകുതിയിൽ ബഹ്റൈനിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 14 ശതമാനം വർദ്ധനവ്. 5.6 ദശലക്ഷം വിനോദ സഞ്ചാരികളാണ് ഈ കാലയളവിൽ രാജ്യം സന്ദർശിച്ചത്.
ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ വെച്ച് ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ ഷെയ്ഖ് ഖാലിദ് ബിൻ ഹമൂദ് അൽ ഖലീഫയാണ് ഈ വിവരം അറിയിച്ചത്.
2017 ആദ്യപകുതിയിൽ ചെലവുകൾക്കായി 631.4 ദശലക്ഷം ബഹ്‌റൈൻ ദിനാർ വിനോദ സഞ്ചാരികൾ ചെലവഴിച്ചതായും ശരാശരി ഒരു ടൂറിസ്റ്റ് പ്രതിദിനം 77 ബഹ്‌റൈൻ ദിനാർ ചിലവാക്കിയെന്നും ഷെയ്ഖ് ഖാലിദ് പറഞ്ഞു. ജനറൽ ഡയറക്ടർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഡോ. നബീൽ ഷാംസും ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റിയിലെ ഉദ്യോഗസ്ഥരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.