ഐ.എസിന്റെ അടുത്ത ലക്ഷ്യം അഫ്ഗാനിസ്ഥാനെന്ന് സൂചന

കാബൂൾ : ഇറാഖിലെ മൊസൂളിൽ നിന്ന് സൈന്യം തുരത്തിയ ഇസ്ലാമിക് േസ്റ്ററ്റിന്റെ അടുത്ത ലക്ഷ്യം അഫ്ഗാനിസ്ഥാനാണെന്ന് സൂചന. അടുത്തടുത്ത ദിവസങ്ങളിലായി അഫ്ഗാനിസ്ഥാനിലുണ്ടായ ഐ.എസ് ആക്രമണങ്ങൾ ഇതിന്റെ ആദ്യ പടിയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഒരു പള്ളിയിലും അഫ്ഗാനിസ്ഥാനിലെ ഇറാഖ് എംബസിയിലും ഐ.എസ് ആക്രമണം നടത്തിയിരുന്നു. പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്.
ആഴ്ചകൾക്കു മുന്പേ ഇറാഖി സൈന്യത്തിനോട് ഏറ്റ പരാജയമാണ് കാബൂളിലെ എംബസി ആക്രമണത്തിനു കാരണമായതെന്നാണ് സൂചന. സിറിയയിലെയും ഇറാഖിലെയും പരാജയത്തിനു ശേഷം ഐ.എസ് അഫ്ഗാനിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അഫ്ഗാൻ സൈനിക ഉദ്യോഗസ്ഥരും പറയുന്നു.
ഐ.എസിന്റെ പക്കൽ പുതിയ ആയുധങ്ങളും പോരാളികളും ഉണ്ടെന്നും അഫ്ഗാൻ പ്രതിരോധ വക്താവ് പറഞ്ഞു. സ്വദേശികളും വിദേശികളുമായി നിരവധി പോരാളികൾ നിലവിൽ അഫ്ഗാനിലുണ്ട്. ഇവരോടൊപ്പം സിറിയയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള ഐ.എസ് തീവ്രവാദികൾ രാജ്യത്തേക്ക് കടക്കുമോ എന്നാണ് അഫ്ഗാൻ അധികൃതർ ഭയപ്പെടുന്നു.
തങ്ങളുടെ സൈന്യത്തിന്റെ ഇടപെടൽ മൂലം അഫ്ഗാനിസ്ഥാനിൽ ഐ.എസ് പ്രവർത്തനങ്ങൾ കുറഞ്ഞിട്ടുണ്ടെന്നായിരുന്നു അമേരിക്കയുടെ വാദം. എന്നാൽ അഫ്ഗാനിസ്ഥാനിലെ ഒന്‍പത് പ്രവിശ്യകളിലും നിലവിൽ ഐ.എസിന് സാനിദ്ധ്യമുണ്ട്. അതേ സമയം എംബസി ആക്രമണത്തിൽ വിദേശത്തു നിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം അഫ്ഗാനിസ്ഥാൻ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.