സൗദിയിൽ നികുതി; ബഹ്റൈനിൽ സിഗരറ്റ് കിട്ടാനില്ല

മനാമ: സൗദി അറേബ്യയിൽ സിഗരറ്റിന് നികുതി വർദ്ധിപ്പിച്ചത് കാരണമുണ്ടായ വിലവർദ്ധനവ് ബഹ്റൈനിലെ സിഗരറ്റ് വിപണിക്ക് ആശ്വാസമാകുന്നു. എന്നാൽ ഇത് കാരണം ഇപ്പോൾ സിഗരറ്റുകൾ കിട്ടാൻ ബുദ്ധിമുട്ടുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. ജൂൺ മാസം മുതൽക്കാണ് സിഗരറ്റിനും, എനർജി ഡ്രിങ്കുകൾക്കും പുതിയ നികുതി ഈടാക്കി തുടങ്ങിയത്. ഇതോടെ ഇരട്ടിയോളമായി ഇതിന്റെ വില. ശീതള പാനീയങ്ങളുടെ വിലയും അന്പത് ശതമാനത്തോളം ഉയർത്തിയിരുന്നു. ഇതോടെയാണ് ബഹ്റൈനിലെത്തുന്ന സൗദി സ്വദേശികൾ വലിയ തോതിൽ ഇവിടെ നിന്ന് സിഗരറ്റുകൾ വാങ്ങി കടത്താൻ ആരംഭിച്ചിരിക്കുന്നത്. ഇത് കാരണം ബഹ്റൈൻ വിപണിയിൽ സിഗരറ്റുകൾ ലഭിക്കാൻ പ്രയാസമേറുന്നതായി സിഗരറ്റ് കച്ചവടക്കാർ പറയുന്നു. വിലനിലവാരം ഇതു പോലെ തന്നെ പോവുകയാണെങ്കിൽ സൗദിയിൽ നിന്നുള്ള ഉപഭോക്താക്കൾ ഏറുന്ന സാഹചര്യമാണുള്ളത്. രാജ്യത്ത് നിലവിലുള്ള സിഗരറ്റ് ഇറക്കുമതി കന്പനികൾ എത്രയും പെട്ടന്ന് കൂടുതൽ ഷിപ്പ്മെന്റുകൾ എത്തിച്ചാൽ മാത്രമേ ആവശ്യത്തിനുള്ള ചരക്ക് രാജ്യത്തുണ്ടാകൂ എന്നാണ് റിടെയിൽ കച്ചവടക്കാരുടെ വാദം.