ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനം അരികെ
മനാമ : വാഹനമോടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ബഹ്റൈൻ സ്വദേശി മരണപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ കായംകുളം സ്വദേശി അബ്ദുറഹീമിന്റെ ജയിൽ മോചനം ആഗസ്റ്റ് 17ന് ഉണ്ടാകുമെന്ന് സാമൂഹ്യപ്രവർത്തകനും ഈ പ്രശ്നത്തിൽ സജീവമായി ഇടപ്പെട്ടയാളുമായ ബഷീർ അന്പലായി അറിയിച്ചു. ഇപ്പോൾ കഴിയുന്ന ജയിലിൽ നിന്ന് മോചിതനായാൽ അദ്ദേഹത്തെ ഹിദ്ദ് ഡിറ്റെൻഷൻ സെന്ററിലേയ്ക്ക് മാറ്റുമെന്നും അവിടെ ടിക്കറ്റും, മറ്റ് ആവശ്യമുള്ള സാധനങ്ങളും എത്തിച്ചാൽ അദ്ദേഹത്തെ നാട്ടിലേയ്ക്ക് അയക്കാൻ സാധിക്കുമെന്നുമാണ് അധികൃതർ ബഷീർ അന്പലായിയെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇതിലുണ്ടായ കോടതി വിധി പ്രകാരം മൂന്ന് വർഷത്തെ ജയിൽ വാസവും, ഒരു വർഷം ലൈസൻസ് റദ്ദാക്കലുമായിരുന്നു ശിക്ഷയായി ലഭിച്ചിരുന്നത്. അബ്ദുറഹീം ജയിലിൽ ആയതിന് ശേഷം വാടകവീട്ടിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചിലവിനുള്ള സഹായങ്ങൾ ഇദ്ദേഹത്തിന്റെ സ്പോൺസർ ഈ കാലയളവിൽ നൽകി വന്നിരുന്നു. കൂടാതെ പ്രവാസി ബഹ്റൈൻ ഫെഡറേഷന്റെ അംഗമായ അയൂബും ഈ കുടുംബത്തിന് സാന്പത്തിക സഹായം നൽകി വരുന്നുണ്ട്.
പുതിയ തീരുമാനത്തിലൂടെ ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന അബ്ദുറഹീമിന്റെ കുടുംബത്തിന്റെ കണ്ണീരിനാണ് പരിഹാരമുണ്ടാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിൽ എത്തിയപ്പോൾ ഭാര്യ നെജിമോളിന്റെ പരാതി അദ്ദേഹത്തിന് ബഷീർ അന്പലായി മുഖേന നൽകിയിരുന്നു. സംഭവം നടന്നതുമുതൽ കായംകുളം എം.എൽ.എ പ്രതിഭാ ഹരിയിൽ നിന്നും, തന്റെ സുഹൃത്തുക്കളിൽ നിന്നും ലഭിച്ച സഹായങ്ങളെയും നന്ദിയോടെ സ്മരിക്കുന്നതായി നെജിമോൾ
4 പി.എമ്മിനോട് പറഞ്ഞു.

