ആത്മഹത്യകൾ ഇല്ലാതാക്കാൻ വേണ്ടത് കൂട്ടായ ശ്രമം
മനാമ : അടുത്തകാലത്തായി ഇന്ത്യൻ പ്രവാസി തൊഴിലാളികൾക്കിടയിലെ ആത്മഹത്യാ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവ ഒഴിവാക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ സംഘടനകളും, എംബസിയും മുൻകൈയെടുക്കണമെന്ന് ആവശ്യം ഉയരുന്നു. ഈ വർഷം മാർച്ച് മാസത്തിന് ശേഷം ഏഴ് പ്രവാസി തൊഴിലാളികളുടെ ആത്മഹത്യകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. സാന്പത്തിക കാരണങ്ങളാണ് മിക്കവരുടെയും ആത്മഹത്യക്ക് കാരണം.
തൊഴിലാളികളിൽ ഭൂരിഭാഗം പേരും നാട്ടിലേയ്ക്ക് കൃത്യമായി പണമയക്കുന്നവരാണെന്നും, നിലവിലെ പ്രതിസന്ധകളിൽ ശന്പളം വൈകുന്പോൾ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളാണ് പലരെയും ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്നും ഐ.സി.ആർ.എഫ് ചെയർമാൻ ഭഗവാൻ അസർപോട്ട പറഞ്ഞു. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഗൗരവമായി നേരിടാനുള്ള മാർഗങ്ങൾ പ്രവാസി സംഘടനകൾ കണ്ടെത്തേണ്ടതുണ്ടെന്നും, ഇതിന് വേണ്ടി ഹെൽപ്പ് ലൈനും, ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കേണ്ടതുണ്ടെന്നും അതിനായുള്ള ശ്രമങ്ങൾ ഐ.സി.ആർ.എഫ് നടത്തിവരികയാണെന്നും ഭഗവാൻ അസർപോട്ട അറിയിച്ചു.

