ഇറാനിൽനിന്ന് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

മനാമ : ഇറാനിൽനിന്ന് കടൽമാർഗം കടത്താൻ ശ്രമിച്ച ഏകദേശം 2,50,000 ബഹ്‌റൈൻ ദിനാർ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോസ്റ്റ് ഗാർഡ് ആണ് ഇത് പിടിച്ചെടുത്തത്. ഈ വർഷത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. സംശയകരമായ സാഹചര്യത്തിൽ മാരിടൈം ഓപ്പറേഷൻ സെന്റർ ഒരു ബോട്ട് കണ്ടെത്തുകയും തുടര്‍ന്ന് ബോട്ടിലെ രണ്ട് ബഹ്‌റൈൻ സ്വദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.
അഹ്മദ് റിയാദ് അൽ ഖസാസ് (25), സെയ്ദ് ഹസ്സൻ അശൂർ എന്നിവരാണ് പിടിയിലായത്. അൽ ഖസാസ് മയക്കുമരുന്ന് സംബന്ധിച്ച ക്രിമിനൽ കേസുകളിൽ നേരത്തെയും പ്രതിയാണ്. തീരക്കടലിൽ സ്ഥാപിച്ച റബ്ബർ ടയറുകളിലുണ്ടായിരുന്ന റഡാർ സംവിധാനങ്ങൾ മയക്കുമരുന്ന് വേട്ടക്ക് കോസ്റ്റ് ഗാർഡുകളെ സഹായിച്ചു. പിടികൂടിയ മയക്കുമരുന്നുകളിൽ 33 കിലോ ഹാഷിഷും 1കിലോയിൽ താഴെ മെത്താംഫിറ്റമിനുമാണ്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പ്രോസിക്യൂഷനു കൈമാറിയെന്നും പ്രസ്താവനയിൽ പറയുന്നു.
ബഹ്‌റൈൻ ഇൻറർനാഷണൽ എയർപോർട്ട്, കിംഗ് ഫഹദ് കോസ് വേ, മിന സൽമാൻ പോർട്ട്, ഖലീഫ ബിൻ സൽമാൻ പോർട്ട് എന്നിവിടങ്ങളിൽ നിന്നായി 700 മയക്കുമരുന്ന് കടത്ത് കേസുകളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്.