ആഭ്യന്തരമന്ത്രാലയം 'വാദ് ' അടച്ചുപൂട്ടി

മനാമ : രാജ്യത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന വാദ് എന്ന രാഷ്ടീയസംഘടനയെ നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ പോലീസ് തള്ളി. മെയ് 31ന് പുറത്ത് വന്ന കോടതി വിധിപ്രകാരമാണ് നാഷണൽ ഡെമോക്രാറ്റിക് ആക്ഷൻ സൊസൈറ്റി അഥവാ വാദ് എന്ന സംഘടനയെ നിരോധിച്ചതെന്നും, നിയമപരമായ മാര്‍ഗങ്ങളിലൂടെയാണ് നിരോധിക്കലുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചതെന്നും ആഭ്യന്തരമന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും മേജർ ജനറൽ മുഹമ്മദ് ബുഹമൂദ് ആഭ്യന്തരമന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ആഭ്യന്തര സുരക്ഷയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായാണ് പോലീസിന്റെ നടപടികളെന്ന് അദ്ദേഹം വിശദീകരിച്ചു. പൊതു സുരക്ഷയെ ബാധിക്കുന്ന സമ്മേളനങ്ങൾ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് പറഞ്ഞ അദ്ദേഹം ബഹ്‌റൈന് ജനതയുടെ സുരക്ഷ ഗവൺമെന്റിന്റെ പ്രഥമ ഉത്തരവാദിത്തമാണെന്നും, ആരും നിയമത്തിന് അതീതരല്ലെന്നും അഭിപ്രായപ്പെട്ടു. സമൂഹമോ വ്യക്തികളോ ദേശീയ തത്വങ്ങൾ ലംഘിക്കുകയോ വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് ആശാസ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എവിടെയും ഏത് സാഹചര്യത്തിലും നിയമലംഘനങ്ങൾക്കെതിരെ ഇടപെടാൻ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
നിയമ ലംഘനം നടത്തിയതിന് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എന്റോവ്മെൻറ്സ് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ ഈ സംഘടനക്കെതിരെ നേരത്തേ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഭീകരതയെ പിന്തുണയ്ക്കുന്നതിനും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുറമേ, ഈ സംഘടന രാജ്യത്ത് ഭരണം മാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതായി മന്ത്രി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.