ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഈ മാസം 10 ന് അറിയാം

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഈ മാസം 10 ന് അറിയാം. പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ക്രിക്കറ്റ് ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലി ആണ് ഇക്കാര്യം അറിയിച്ചത്. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗാംഗുലി.
പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം ഒമ്പതാണ്. പിറ്റേദിവസം മുംബൈയില്‍ ചേരുന്ന സമിതി യോഗം ഇന്റര്‍വ്യൂ നടത്തി, പുതിയ പരിശീലകനെ തെരഞ്ഞെടുക്കുമെന്ന് ഗാംഗുലി അറിയിച്ചു. ഏതു തരത്തിലുള്ള പരിശീലകനെയാണ് പരിഗണിക്കുന്നതെന്ന ചോദ്യത്തിന്, മല്‍സരങ്ങൾ വിജയിക്കാന്‍ കഴിയുന്ന ഒരാളെന്നായിരുന്നു ഗാംഗുലിയുടെ രസകരമായ മറുപടി.
മുന്‍ ടീം ഡയറക്ടറും ഇന്ത്യന്‍ മുന്‍ നായകനുമായ രവിശാസ്ത്രി, മുന്‍ താരങ്ങളായ വിരേന്ദര്‍ സേവാഗ്, ഡൊഡ്ഡ ഗണേഷ്, ലാല്‍ ചന്ദ് രജ്പുത്, ഓസ്‌ട്രേലിയക്കാരനായ ടോം മൂഡി, റിച്ചാര്‍ഡ് പൈബസ് തുടങ്ങിയവരാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ അയച്ചിട്ടുള്ളത്. നേരത്തെ ഇന്ത്യന്‍ ടീം പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള രവിശാസ്ത്രിയുടെ പേരിനാണ് കൂടുതല്‍ മുന്‍തൂക്കം.
നായകന്‍ വിരാട് കോഹ്‌ലിയുടെ താല്‍പ്പര്യവും പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാണ്. രണ്ടാം സ്ഥാനത്തുള്ള വീരേന്ദര്‍ സേവാഗിന് പരിശീലകനായി മുന്‍പരിചയമില്ലാത്തതാണ് പ്രതികൂലമാകുന്നത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുക.