യാത്രക്കാരെ വലച്ച് വിമാനക്കന്പനി : കൊണ്ടുപോയ സാധനങ്ങൾ കാണാനില്ലെന്ന് പരാതി

മനാമ : ബഹ്റൈനിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേയ്ക്ക് പോയ സ്ത്രീ യാത്രക്കാരിയേയും കുട്ടികളെയും വിമാനക്കന്പനി അനാവശ്യമായി ബുദ്ധിമുട്ടിച്ചതായി പരാതി. ഇവർ കൊണ്ടുപോയ ബാഗേജുകളിൽ നിന്ന് സാധനങ്ങൾ പലതും നഷ്ടപ്പെടുകയും ചെയ്തു.
ബഹ്‌റൈനിൽ നിന്നും ഒമാൻ എയറിൽ യാത്ര ചെയ്ത കുറ്റിയാടി സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ ഇസ്മയിലിന്റെ ഭാര്യ സജിതയ്ക്കും മക്കൾക്കുമാണ് ഈ ദുരനുഭവമുണ്ടായത്. കഴിഞ്ഞ 13ാം തീയ്യതി ഒമാൻ എയറിൽ മസ്‌ക്കറ്റ് വഴി കണക്ഷൻ ഫ്ളൈറ്റിലായിരുന്നു ഇവർ യാത്ര ചെയ്തത്. മൂന്ന് കുട്ടികൾ അടക്കം നാല് യാത്രക്കാർക്കും കൂടി 120 കിലോ ബാഗേജ് ആണ് അനുവദിച്ചിരുന്നത്. 29ഉം 26ഉം ഉള്ള രണ്ടു ലഗേജുകളും ഏകദേശം 15−16 കിലോ തൂക്കം വരുന്ന നാല് ബാഗേജുകളുമാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ െവച്ച് ബാഗേജ് തൂക്കിയപ്പോൾ എല്ലാവരുടെ ബാഗേജുകളും കൂടി 118 കിലോ ആയിരുന്നു ഭാരം. അതായത് അനുവദിച്ചതിലും 2 കിലോ കുറവായിരുന്നു.
എന്നാൽ 29ഉം 26ഉം ഉള്ള രണ്ടു ലഗേജുകൾ അഴിച്ചു നാലെണ്ണം ആക്കണമെന്ന് കൗണ്ടറിലുള്ളവർ ആവശ്യപ്പെട്ടു. ഒമാൻ എയറിന്റെ അടുത്ത കൗണ്ടറിൽ നിന്നും 32 കിലോ വരുന്ന ലഗ്ഗേജുകൾ അനുവദിക്കുന്നത് കണ്ടകൊണ്ടിരിക്കെയാണ് ഇത്തരം വിവേചനം നടന്നതെന്ന് കുടുംബം പരാതിപ്പെടുന്നു. ഒടുവിൽ രണ്ടു കാർട്ടൂണുകൾ 4 ദിനാർ നൽകി വാങ്ങിച്ചാണ് ഈ പ്രശ്നം പരിഹരിച്ചത്. നാലു കാർട്ടൂണിനു കവർ ചെയ്യാൻ 6 ദിനാറും കൂടി നൽകിയതോടെ 10 ദിനാർ ചിലവായി. ഒമാനിൽ എത്തിയപ്പോഴായിരുന്നു അടുത്ത പ്രശ്നം ആരംഭിച്ചത്. ബഹ്റൈനിൽ നിന്ന് തന്നെ ബോർഡിംഗ് പാസ് എടുത്തിരുന്നെങ്കിലും ഒമാനിലെ ഉദ്യോഗസ്ഥർ, അവിടെ നിന്ന് ഓരോ പാസ്പോർട്ടിനും ഓരോ ലഗേജ് എന്ന രീതിയിൽ തിട്ടപ്പെടുത്തിയിട്ട് ബാക്കി വരുന്ന ലഗ്ഗേജ് കൂടുതൽ ആണെന്നും അതിനുള്ള ചാർജ്ജ് അടക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങിനെയെങ്കിൽ ഞങ്ങൾ ബഹ്‌റൈനിൽ നിന്ന് അധിക തൂക്കത്തിനുള്ള ഡ്യൂട്ടിയൊന്നും കെട്ടിയില്ലല്ലോ എന്ന് പറഞ്ഞപ്പോൾ അതൊന്നും ഞങ്ങൾക്കറിയില്ല എന്നാണത്രെ അവിടുത്തെ ഉദ്യോഗസ്ഥർ പറഞ്ഞത്. ഈ നേരമത്രയും കുട്ടികൾക്ക് ബോർഡിങ് പാസ് കൊടുത്തു അകത്തേയ്ക്കു വിടുകയും സാജിതയെ പുറത്തു നിർത്തുകയുമായിരുന്നു. തങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായതിന്റെ ഭയപ്പാടിൽ ഒരു മണിക്കൂറോളം നേരമാണ് അവിടെ ഇവർക്ക് ചിലവഴിക്കേണ്ടി വന്നത്. കുട്ടികൾ ഈ സമയത്തെല്ലാം കരയുകയായിരുന്നു. ഒടുവിൽ ഇവരുടെ നിസഹായവസ്ഥ കണ്ട് മനസലിഞ്ഞ ഒരു ഓഫീസറുടെ ഇടപെടലിലൂടെയാണ് വിമാനം പുറപ്പെടുന്നതിനു 10 മിനിറ്റ് മുന്പ് സജിതയെ വിമാനത്തിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട്ടെത്തിയപ്പോൾ ലഗേജുകളിൽ ഒന്ന് കുറവായിരുന്നു. തിരികെ വിളിക്കാമെന്ന ഉറപ്പിൽ പരാതി കൊടുത്തു റിപ്പോർട്ട് വാങ്ങിയെങ്കിലും പിന്നീട് ഒരു വിവരവും ലഭിച്ചില്ല. വിളിച്ചട്ട് ഫോൺ എടുത്തതുമില്ല. 13 ദിവസത്തിന് ശേഷം കോഴിക്കോട്ടെ ഒമാൻ എയർ ഓഫീസിൽ പരാതി കൊടുക്കാൻ പോയ നേരത്ത് എയർപോർട്ട് വരെ പോയി അന്വേഷിച്ചപ്പോഴാണ് ഒഴിഞ്ഞ ബാഗേജ് പൊട്ടിച്ചു മഴ നനഞ്ഞ നിലയിൽ കണ്ടെത്തിയത്. മാസ്കിങ് ടേപ്പ് ഒട്ടിച്ചു ഭദ്രമാക്കിയ കാർട്ടൂൺ എങ്ങിനെ പൊട്ടി എന്ന ചോദ്യത്തിന് വിമാനക്കന്പനി അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. അതിലുണ്ടായിരുന്ന പുതിയ തുണിത്തരങ്ങൾ കുറെ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതൊക്കെ എങ്ങിനെ എവിടെ നിന്ന് സംഭവിച്ചു എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് ഇപ്പോഴും ഉത്തരമില്ല.