പ്രവാസികൾക്ക് ആധാർ കാർഡ് വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു

മനാമ : വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ആധാർ കാർഡ് വേണ്ടെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകൻ സുധീർ തിരുനിലത്ത് വിദേശ കാര്യ മന്ത്രാലയത്തിനും ആധാർ കാർഡ് ഓഫീസിനും അയച്ച കത്തിന് മറുപടി ലഭിച്ചു.
പ്രവാസികൾക്ക് ആധാർ കാർഡ് എടുക്കാനുള്ള യോഗ്യതയില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ ഡോ അജയ് ഭൂഷൺ പാണ്ധെ പ്രഖ്യാപിച്ചത് ഓൺ ലൈൻ മാധ്യമങ്ങളിൽ ഏറെ ചർച്ചാ വിഷയമായിരുന്നു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ആധാർ കാർഡ് എടുക്കേണ്ട ആവശ്യമില്ലെന്നും അവർക്കു വരുമാന നികുതി അടക്കുന്നതിനോ മറ്റു ആവശ്യങ്ങൾക്കോ ബാങ്ക് അക്കൗണ്ടുമായോ പാൻ കാർഡുമായോ ആധാർ കാർഡ് ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്നും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ ഡോ അജയ് ഭൂഷൺ അയച്ച മറുപടിയിൽ വ്യക്തമാക്കുന്നു. ആധാർ കാർഡ് പ്രവാസികൾക്ക് നിർബന്ധമാണോ, പ്രവാസികൾക്ക് പാൻകാർഡുമായിആധാർ കാർഡ് ബന്ധിപ്പിക്കേണ്ടതുണ്ടോ, ഇല്ലെങ്കിൽ ആധാർ എടുക്കാത്ത പ്രവാസികൾ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ ചോദ്യങ്ങളാണ് വിദേശ കാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ സുധീർ ആവശ്യപ്പെട്ടിരുന്നത്.
വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, സഹ മന്ത്രി വി.കെ സിംഗ്, യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ അതോറിറ്റിയുടെയെല്ലാം ഔദ്യോഗിക പ്രതിനിധികൾ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടാണ് ഈയൊരു മറുപടി ലഭിച്ചിട്ടുള്ളത്. ബാങ്കുകൾക്കും ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടുള്ളതായി സ്ഥിരീകരണമുണ്ട്.