സീനിയോറിറ്റിയില്‍ കാര്യമില്ല : ഐഎംജി ഡയറക്ടര്‍ എന്നത് മികച്ച സ്ഥാനമാണെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം : സീനിയോറിറ്റിയില്‍ കാര്യമില്ലെന്നും ഐഎംജി ഡയറക്ടര്‍ എന്നത് മികച്ച സ്ഥാനമാണെന്നും ഡിജിപി ജേക്കബ് തോമസ്. ഐഎംജി ഡയറക്ടര്‍ സ്ഥാനത്തിരുന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ പ്രതികരണം.
ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. പരീക്ഷയില്‍ മാര്‍ക്ക് വാങ്ങുന്നതില്‍ വലിയ കാര്യമില്ലെന്നും മുഖ്യമന്ത്രിയെ കണ്ടതില്‍ അസ്വഭാവികതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ജൂണ്‍ 19 നാണ് അവധിയില്‍ നിന്ന് തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്. അന്നുതന്നെ അദ്ദേഹം ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ജൂണ്‍ 30 ന് ടിപി സെന്‍കുമാര്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് ലോക്‌നാഥ് ബെഹ്‌റയെ തത്സ്ഥാനത്ത് നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സീനിയോറിറ്റി മാനദണ്ഡമാക്കുകയാണെങ്കില്‍ ജേക്കബ് തോമസ് ആയിരുന്നു പൊലീസ് മേധാവി ആകേണ്ടിയിരുന്നത്.