നിയമവിരുദ്ധ പരസ്യം : 90ലധികം കോമേഷ്യൽ രജിസ്ട്രേഷനുകൾ റദ്ദാക്കി

മനാമ : കഴിഞ്ഞ മൂന്നു മാസത്തിനിടെ നോർത്തേൺ ഏരിയ മുനിസിപ്പാലിറ്റി 90ലധികം കോമേഷ്യൽ രജിസ്ട്രേഷനുകൾ (CR) താത്കാലികമായി റദ്ദാക്കി. തെരുവുകളിൽ നിയമവിരുദ്ധമായി പരസ്യം നൽകിയതിന്റെ പേരിലാണ് നടപടിയെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
ഗവർണറേറ്റിന്റെ വിവിധഭാഗങ്ങളിലായി 1310 നിയമവിരുദ്ധ സൈൻ ബോർഡുകൾ നീക്കം ചെയ്തതായി നോർത്തേൺ മുനിസിപ്പാലിറ്റി ജനറൽ ഡയറക്ടർ യൂസിഫ് അൽ ഘാതം അറിയിച്ചു. 95 കോമേഷ്യൽ രജിസ്ട്രേഷനുകളാണ് പരസ്യങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങളെ തുടർന്ന് റദ്ദാക്കിയത്.
പൊതു റോഡുകളിൽ അങ്ങിങ്ങായിപരസ്യങ്ങൾ സ്ഥാപിക്കുന്നത് രാജ്യത്തിൻറെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് നോർത്തേൺ ഗവർണറ്റിൽ പതിവായിട്ടുണ്ട്. 4000ത്തോളം ദിനാർ ആണ് അടുത്തിടെ നിയമലംഘകരിൽ നിന്നും പിഴയായി പിരിച്ചത്. എന്നാൽ നിയമലംഘനങ്ങൾ ഇപ്പോഴും തുടരുകയാണ്.
മുനിസിപ്പാലിറ്റി റോഡുകളിൽ നിയമം ലംഘിച്ച് സ്ഥാപിച്ചിരിക്കുന്ന പരസ്യങ്ങളുടെ ചിത്രങ്ങളെടുത്ത് ലീഗൽ അഫയേഴ്‌സ് ഡിപ്പാർട്മെന്റുകളിലേക്ക് അയക്കണമെന്ന് ബന്ധപ്പെട്ട ഡിപ്പാർട്മെന്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവർ നിയമലംഘനം നടത്തിയവർക്ക് മുന്നറിയിപ്പ് നൽകുകയും, ലംഘനം തിരുത്താൻ ആവശ്യപ്പെടുകയും, പിഴ ചുമത്തുകയും ചെയ്യും. ചില കേസുകളിൽ മറ്റു നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.