സ്ത്രീശാക്തീകരണം : അന്താരാഷ്ട്ര അവാർഡ് ഏർപ്പെടുത്താനൊരുങ്ങി പ്രിൻസസ് സബീക്ക

പ്രിൻസസ് സബീക്ക ബിന്ത് ഇബ്രാഹിം അൽ ഖലീഫ ഗ്ലോബൽ അവാർഡ് ഫോർ വുമൺ എംപവർമെൻറ് എന്ന പേരിലായിരിക്കും അവാർഡ് ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച മെമ്മോറാണ്ടത്തിൽ എസ്.സി.ഡബ്ലിയുവും യു.എൻ വുമണും ഒപ്പുവയ്ക്കും. സി.എസ്.ഡബ്ലിയുവിൽ പ്രിൻസസ് സബീക്കയായിരിക്കും ബഹ്‌റിനെ പ്രതിനിധീകരിക്കുക.
ബഹ്‌റിൻ വനിതകളുടെ ഉന്നമനത്തിനും അവരെ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനും സഹായകമാകുന്നതാണ് പ്രിൻസസ് സബീക്കയുടെ ഈ നീക്കമെന്ന് എസ്.സി.ഡബ്ലിയു സെക്രട്ടറി ജനറൽ ഹലാ അൽ അൻസാരി പറഞ്ഞു. വനിതകളെ അന്താരാഷ്ട്രതലത്തിൽ സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരുന്നതിനുള്ള കൗൺസിലിന്റെ പ്രവർത്തനങ്ങളെ കുറിച്ചും അവർ എടുത്തു പറഞ്ഞു. യാദൃശ്ചികമായിട്ടാണെങ്കിലും ദേശീയ തലത്തിൽ കൗൺസിൽ ആരംഭിച്ചിട്ട് 10 വര്ഷം തികയുന്ന വേളയിൽ തന്നെ ഇത്തരത്തിൽ ഒരു അവാർഡ് ആരംഭിക്കാനായതതിൽ ഹലാ അൽ അൻസാരി സന്തുഷ്ടി പ്രകടിപ്പിച്ചു.
സ്ത്രീകൾക്ക് വിവേചനമേർപ്പെടുത്താത്ത തരത്തിലുള്ള നയങ്ങൾ സ്വീകരിക്കുവാൻ രാഷ്ട്രങ്ങൾക്കും, ഔദ്യോഗിക ഏജൻസികൾക്കും, സംഘടനകൾക്കുമെല്ലാം പ്രചോദനം നല്കുന്നതിനായാണ് ഈ അവാർഡ് സംഘടിപ്പിക്കുന്നത്. ഈ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നവരെ അനുമോദിക്കുക എന്നതും അവാർഡിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്.