ശിവസേന പ്രവര്‍ത്തകരുടെ ഗുണ്ടാവിളയാട്ടം: ആറ് പേർ അറസ്റ്റിൽ


കൊച്ചി/തിരുവനന്തപുരം: മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകരുടെ ഗുണ്ടാവിളയാട്ടം. ഇവിടെ എത്തുന്ന യുവതീയുവാക്കള്‍ കുടപിടിച്ചിരുന്ന് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആക്ഷേപിച്ചാണ് ശിവസേന ചൂരല്‍പ്രയോഗവുമായി രംഗത്തിറങ്ങിയത്. പ്രകടനമായെത്തിയ 25ഓളം ശിവസേനാ പ്രവര്‍ത്തകര്‍ മറൈന്‍ഡ്രൈവിന്റെ വടക്കേ അറ്റത്തുള്ള അബ്ദുല്‍കലാം മാര്‍ഗ് വാക്ക് വേയില്‍ ഒരുമിച്ചിരിക്കുകയായിരുന്ന യുവതീയുവാക്കളെ ചൂരല്‍കൊണ്ട് അടിച്ചോടിക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ആറ് ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ടി ആര്‍ ദേവന്‍, കെ വൈ കുഞ്ഞുമോന്‍, കെ യു രതീഷ്, എ വി വിനീഷ്, ടി ആര്‍ ലെനിന്‍, കെ കെ ബിജു എന്നിവരാണ് പിടിയിലായത്. പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുവാദമില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്.

സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമം തടയുക, മറൈന്‍ ഡ്രൈവിലെ കുടചൂടിപ്രേമം നിര്‍ത്തലാക്കുക എന്നിങ്ങനെ എഴുതിയ ബാനറുകളുമായെത്തിയ പ്രവര്‍ത്തകരാണ് ചൂരലുമായി മറൈന്‍ ഡ്രൈവ് വാക്‌വേയിലേക്ക് മാര്‍ച്ച് നടത്തിയത്. ശിവസേന മറൈന്‍ഡ്രൈവില്‍ കമിതാക്കളെ അടിച്ചോടിക്കാന്‍ ഒരുങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍നിന്ന പോലിസെത്തി പതിനഞ്ചോളം കമിതാക്കളെ എഴുന്നേല്‍പ്പിച്ചുവിട്ടിരുന്നു. എന്നാല്‍ ഇതിന് ശേഷം എത്തിയ കമിതാക്കളാണ് ശിവസേനയുടെ ചൂരല്‍ പ്രയോഗത്തിന് ഇരയായത്. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ച ശേഷമാണ് ശിവസേന എറണാകുളം ജില്ലാകമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. അതേസമയം, സംഭവത്തെ പിന്തുണച്ച് സമീപത്തെ ഫഌറ്റിലുള്ളവര്‍ രംഗത്തെത്തി. കമിതാക്കളുടെ വിഹാരകേന്ദ്രമാണിവിടമെന്നും പലപ്പോഴും ഇവരുടെ ഭാഗത്തുനിന്ന് അതിരുവിട്ട പെരുമാറ്റമുണ്ടാകുന്നുണ്ടെന്നും സമീപവാസികള്‍ പരാതിപ്പെടുന്നു. സംഭവത്തില്‍ നിഷ്‌ക്രിയത്വം കാണിച്ച സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം സെന്‍ട്രല്‍ പോലിസ് എസ്‌ഐ വിജയശങ്കറെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. എട്ട് പോലിസുകാരെ എആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയിട്ടുമുണ്ട്. അതേസമയം, ശിവസേനാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികള്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കണമെ ന്നും സുധീരന്‍ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed