സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് യുവതി അറസ്റ്റിൽ

മനാമ : സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് ബഹ്‌റിനിൽ അറസ്റ്റ് ചെയ്ത തായ്‌വാൻ യുവതിയെ 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തായ്‌വാനിൽ നിന്നും സ്ത്രീകളെ പ്രലോഭിപ്പിച്ച് ബഹ്‌റിനിൽ എത്തിക്കുകയും, അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കേസിലാണ് ഇവരെ പിടികൂടിയത്.
വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ചാണ് 27 കാരിയായ ഇവർ യുവതികളെ ബഹ്‌റിനിൽ എത്തിച്ചിരുന്നത്. തുടർന്ന് ഇവരെ ഹൂറയിലുള്ള ഹോട്ടലിലെത്തിച്ച് പൂട്ടിയിടുകയും അനാശാസ്യത്തിന് നിർബന്ധിക്കുകയും ചെയ്തിരുന്നു.
ഇവരുടെ കുരുക്കിൽ വീണ ഒരു യുവതി ബഹ്‌റിനിലെ തായ്‌വാൻ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും, പരാതി അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തു വരുന്നത്.
ബഹ്‌റിനിലെ ഒരു മസാജ് പാർലറിൽ ജോലി ലഭ്യമാക്കി തരാമെന്നു പറഞ്ഞാണ് തന്നെ ഇവിടെ കൊണ്ടുവന്നതെന്ന് തട്ടിപ്പിന് ഇരയായ യുവതി പറയുന്നു. എന്നാൽ ഇവിടെ എത്തിയ ശേഷമാണ് അതെല്ലാം തട്ടിപ്പായിരുന്നു എന്ന് മനസിലായത്. അവർ 1000 ദിനാർ മാസം വരുമാനമായി നൽകാമെന്ന് അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ ആ വാഗ്ദാനം താൻ സ്വീകരിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു.
എല്ലാ മൂന്ന് ദിവസം കൂടുമ്പോഴും പ്രതിയായ യുവതി തങ്ങളിൽ നിന്നും 600 ദിനാർ വീതം ആവശ്യപ്പെടാറുള്ളതായി അവർ വെളിപ്പെടുത്തി. നല്കാൻ വിസമ്മതിക്കുന്ന പക്ഷം തങ്ങളെ ഇവിടെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. നാട്ടിലേക്ക് തിരിച്ചു പോകണമെങ്കിൽ 1500 ദിനാർ നൽകണമെന്നും ആവശ്യപ്പെട്ടതായി യുവതി വ്യക്തമാക്കി.