നിരോധിച്ചിട്ടുള്ള സ്പൈ ഗാഡ്ജറ്റുകൾ രാജ്യത്ത് വില്പനയിൽ
മനാമ : രാജ്യത്ത് നിരോധനമേർപ്പെടുത്തിയിട്ടുള്ള പെൻ ക്യാമറ, കീ ചെയിൻ ക്യാമറ പോലുള്ള സ്പൈ ഗാഡ്ജറ്റുകൾ വില്പനയിലുള്ളതായി റിപ്പോർട്ട്. കുറഞ്ഞ വിലയിൽ ഓൺലൈനിലും സാമൂഹ്യമാധ്യമങ്ങൾ വഴി ഇവ ലഭ്യമാകുന്നുവെന്ന് റിപ്പോർട്ട്.
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കൈകടത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഇത്തരം ഉപകരണങ്ങൾ ഇലക്ട്രോണിക് ഷോപ്പ്, മാളുകൾ, സാമൂഹ്യമാധ്യമങ്ങൾ, ഓൺലൈൻ ഷോപ്പിംഗ് പേജുകൾ എന്നിവയിലൂടെ സജീവമായി വിലക്കപ്പെടുന്നുണ്ട്. ഇത് എവിടെയും സ്ഥാപിക്കാവുന്ന തരത്തിലുള്ള ചെറിയ സ്പൈ ക്യാമറകൾക്കാണ് ആവശ്യക്കാരേറെയുള്ളത്. ഇതിന്റെ വയർലെസ്സ് ക്യാമറകൾ മറച്ചുവയ്ക്കാനും എളുപ്പമാണ്. ഇത്തരം ഉപകരണങ്ങൾക്ക് കർശന നിയന്ത്രണമാണ് ആഭ്യന്തരമന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ളത്. ഇവ ഇറക്കുമതി ചെയ്യാനും അനുമതിയില്ല.
സ്പൈ ക്യാമറകളുടെ ദോഷവശങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടത് സ്ത്രീകളാണെന്നാണ് പ്രമുഖർ അഭിപ്രായപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ഇവ കൂടുതലായും ഉപയോഗിക്കുന്നത് കുട്ടികളെയും, വീട്ടുജോലിക്കാരെയുമെല്ലാം നിരീക്ഷിക്കാൻ വേണ്ടിയാണ്. എന്നാൽ പലരും ഇതിനെ ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഇവ ഉയർത്തുന്ന ഭീഷണി നിസാരമല്ലെന്നും, ഇത്തരം ഉപകരണങ്ങൾ കർശനമായി നിരോധിക്കണമെന്നും പ്രമുഖർ പറയുന്നു.

