പുലിമുരുകന് മറ്റൊരു റെക്കോർഡ് കൂടി
മനാമ:റെക്കോര്‍ഡുകളിൽ നിന്ന് റെക്കോർഡുകളിലേയ്ക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന മോഹന്‍ലാലിന്റെ പുലിമുരുകന് ബഹ്‌റിനിൽ നിന്ന് മറ്റൊരു റെക്കോര്‍ഡ് കൂടി. 45 മണിക്കൂര്‍ തുടര്‍ച്ചയായി ഒരു തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമ എന്ന റെക്കോര്‍ഡ് ആണ് ഇപ്പോൾ പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. പുലി മുരുകന്റെ ഒദ്യോഗിക ഫേസ് ബുക്ക് പേജിലും ഇത് സംബന്ധിച്ച സ്ഥിരീകരണം വന്നിട്ടുണ്ട്.
ജി.സി.സി റിലീസ് നടന്നപ്പോള്‍ ബഹ്‌റിനിലെ അല്‍ ഹംറ സിനിമ തിയേറ്ററില്‍ ആണ് നവംബര്‍ 3 നു രാവിലെ 9 മണി മുതല്‍ നവംബര്‍ 5 നു രാവിലെ 3 മണി വരെ 3 മണിക്കൂര്‍ ഇടവിട്ട് തുടര്‍ച്ചയായി 45 മണിക്കൂര്‍ തുടര്‍ച്ചയായി പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ചത്. നവംബര്‍ 3 നു രാവിലെ 9 മണിക്ക് പുലിമുരുകന്‍ പ്രദര്‍ശനം തുടങ്ങിയ ശേഷം 9 AM, 12 PM, 3 PM, 6 PM, 9 PM, പിന്നെ നവംബര്‍ 4 നു 12 AM, 3 AM, 6 AM, 9 AM, 12 PM, 3 PM, 6 PM, 9 PM, നവംബര്‍ 5 നു 12 AM, 3 AM ഇങ്ങനെ 15 പ്രദര്‍ശനങ്ങൾ ആണ് ഇടവേളയില്ലാതെ തുടര്‍ച്ചയായി ബെഹ്‌റിനിലെ അല്‍ ഹംറ സിനിമ തിയേറ്ററില്‍ നടന്നത്. ഇത്രയും നാളിന്റെ ഇടയില്‍ ആദ്യമായി ആണ് ഇങ്ങനെ ഒരു സിനിമ പ്രദർശനം നടത്തുന്നതെന്ന് തീയറ്റർ ജീവനക്കാർ പോലും പറയുന്നു.
ഇതില്‍ നവംബർ 3 നു വൈകിട്ട് 9 മണിക്കും 12 മണിക്കും ബഹ്റിൻ മോഹന്‍ലാൽ ഫാന്‍സിന്റെ സ്‌പെഷ്യൽ ഫാന്‍സ് ഷോയില്‍ പുലിമുരുകന്‍ കാണാന്‍ ബഹ്റിൻ ആരാധകരോടൊപ്പം പുലിമുരുകൻ സംവിധായകൻ ‘വൈശാഖും ‘ എത്തിയിരുന്നു. രണ്ടാം വാരത്തിലും ഹൗസ് ഫുൾ ആയാണ് ബഹ്‌റിൻ അൽഹംറയിൽ പുലിമുരുകൻ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യ വിട്ടാൽ ഏറ്റവും കൂടുതൽ മോഹൻലാൽ ഫാൻസ് ഉള്ളത് ബഹ്‌റിനിൽ ആണെന്ന് വേണം ഇതിൽ നിന്ന് കരുതാൻ. ഇങ്ങനെ ഒരു റെക്കോർഡ് ബഹ്‌റിനിൽ നിന്നും ലഭിച്ചത് വളരെ സന്തോഷം നല്‍കുന്നു എന്നു ബഹ്‌റിൻ മോഹന്‍ലാൽ ഫാന്‍സ് ഭാരവാഹികൾ അറിയിച്ചു.

