ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തിനശിച്ചതില്‍ ദുരൂഹത
കോഴിക്കോട്: ചെറൂട്ടി റോഡിലെ മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തിനശിച്ചതില്‍ ദുരൂഹത. ടയറും ചപ്പുചവറുകളും ട്രാന്‍സ്‌ഫോര്‍മറിന് അടിയില്‍ കൂട്ടിയിട്ടാണ് കത്തിച്ചത്. റെയില്‍വേ സിഗ്നല്‍ ലൈനും കത്തിക്കാന്‍ ശ്രമം നടന്നു.
പത്തിലധികം എടിഎമ്മുകളും നിരവധി വ്യാപാരസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഭാഗത്തുള്ള ട്രാന്‍സ്‌ഫോര്‍മറുകളാണ് പുലര്‍ച്ചെ ഒന്നേമുക്കാലോടെ കത്തിച്ചത്. പ്രധാന ട്രാന്‍സ്‌ഫോര്‍മര്‍ യൂണിറ്റും കത്തിനശിച്ചവയില്‍ പെടുന്നു. ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും ബാങ്കുകളെയും ഇത് സാരമായി ബാധിച്ചു.
റെയില്‍വേ സിഗ്നല്‍ ലൈന്‍ കത്തിക്കാന്‍ ശ്രമം നടന്നെങ്കിലും കേബിളിന്റെ പുറംപാളി മാത്രമാണ് കത്തിയത്. വടകരയില്‍ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ത്ത് ഓയില്‍ ഊറ്റിയെടുത്തു. കാനറാ ബാങ്കിന്റെയും സഹകരണ ബാങ്കിന്റെയും എടിഎമ്മിന് സമീപമാണ് ഈ സംഭവം. ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്താനിടയായ സഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.

