ഉമ്മൽ ഹസത്ത് മലയാളിയുടെ വില്ലയിൽ കവർച്ച

മനാമ : ഉമ്മൽഹസത്ത് താമസിക്കുന്ന മലയാളിയുടെ വില്ലയിൽ കഴിഞ്ഞ ദിവസം കവർച്ച നടന്നു. പാലക്കാട് സ്വദേശിയും ബഹ്റിനിൽ ബിസിനസുകാരനുമായ സിദ്ദിഖിന്റെ വില്ലയിലാണ് ( ഉമ്മൽഹസത്തെ ഫാൽക്കൺ പ്ലാസയ്ക്ക് സമീപം) കവർച്ച നടന്നത്. വീടിന്റെ പിൻവശത്തുള്ള വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ മുകളിലെ നിലയിലെ അലമാരയും ലോക്കറും കുത്തിത്തുറന്നു. അലമാരയിലും ഷർട്ടിന്റെ പോക്കറ്റിലും മറ്റും സൂക്ഷിച്ചിരുന്ന 400 ദിനാറോളം നഷ്ടപ്പെട്ടുവെങ്കിലും വീട്ടിൽ ഉണ്ടായിരുന്ന വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ മൊബൈൽ ഫോണുകളോ സ്വർണ്ണമോ ഒന്നും കൊണ്ട് പോയിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു.
ലോക്കറിൽ സൂക്ഷിച്ച ജീവനക്കാരുടെ പാസ്‌പോർട്ടുകളെല്ലാം പുറത്തേയ്ക്ക് വലിച്ചിട്ട നിലയിലാണുള്ളത്. വൈകീട്ട് 5:20ന് വീട് പൂട്ടി സിദ്ദിഖും കുടുംബവും പുറത്തുപോയ നേരത്താണ് കവർച്ച നടന്നതെന്ന് കരുതുന്നു. രാത്രി 8 മണിക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന കാര്യം അറിയുന്നത്. ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചു. വിരലടയാള വിദഗ്‌ദ്ധരെത്തി പരിശോധന നടത്തി. ആറ് വില്ലകളുള്ള കോന്പൗണ്ടിൽ സെക്യൂരിറ്റി ജീവനക്കാരനും ഉള്ളതാണ്. ആറ് മണിക്ക് ജീവനക്കാരൻ പൂന്തോട്ടം നനയ്ക്കുവാൻ എത്തിയ സമയത്ത് പോലും അപരിചതരെ ആരെയും കണ്ടില്ലെന്ന് പറയുന്നു. പിറകുവശത്തെ മതിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ എത്തിയതെന്ന് സംശയിക്കുന്നതായി സിദ്ദിഖ് പറഞ്ഞു.