ബഹ്‌റിനെ സൈബർ സെക്യൂരിറ്റി ഹബ് ആക്കാൻ പദ്ധതി

മനാമ : ബഹ്‌റിനെ സൈബർ സാങ്കേതികവിദ്യയുടെയും, സെക്യൂരിറ്റിയുടെയും കേന്ദ്രമാക്കാൻ പദ്ധതി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോബൻ ഗ്രൂപ്പ് ‘സെന്റർ ഓഫ് എക്സലെൻസ്’ ആയി ബഹ്‌റിനെ തിരെഞ്ഞെടുത്തതോടെയാണ് പദ്ധതിയുടെ തുടക്കം.
പദ്ധതിയുടെ ഭാഗമായി വിവിധ സൈബർ സാങ്കേതിക വിദ്യകളിലും, സൈബർ സെക്യൂരിറ്റിയിലും വിദഗ്ദ്ധരായ 23 പ്രമുഖ കന്പനികൾ തങ്ങളുടെ പ്രതിനിധികളെ ബഹ്‌റിനിലേയ്ക്ക് അയയ്ക്കും. ഇവരുടെ സേവനങ്ങൾ ഇവിടെ ലഭ്യമാകുന്നതോടെ കന്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, തുടങ്ങി നിരവധി സ്ഥാപനങ്ങൾക്ക് സൈബർ കുറ്റവാളികളിൽ നിന്ന് രക്ഷ നേടാനാകുമെന്ന് വോബൻ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മിച്ച് സ്ഷെർ പറഞ്ഞു. ബഹ്‌റിനിൽ തുടങ്ങി എല്ലാ ജി.സി.സി രാജ്യങ്ങളിലേയ്ക്കും പദ്ധതി വികസിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.
നിരവധി ജോലി സാധ്യതകൾക്ക് വഴി തുറക്കുന്നതോടൊപ്പം, സൗദി, കുവൈത്ത്, യു.എ.ഇ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നുള്ളവർ സൈബർ സെക്യൂരിറ്റിയ്ക്കായി ബഹ്‌റിനിലേയ്ക്കെത്തുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജി.സി.സിയിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ആരംഭിച്ചപ്പോൾ തന്നെ ബഹ്‌റിനാണ് ഏറ്റവും അനുയോജ്യമായ ഇടമെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇടത്തരം കന്പനികൾക്ക് തങ്ങളുടെ സാങ്കേതികവിദ്യ സ്വീകാര്യമായിരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.
ബഹ്‌റിന്റെ സാന്പത്തിക വളർച്ചയിൽ പദ്ധതി വലിയൊരു പങ്കു വഹിക്കുമെന്നാണ് കരുതുന്നത്.