മുങ്ങൽ വിദഗ്ദന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് എം.പി.­


മനാമ : സിത്രയ്ക്കടുത്ത് കടലിൽ മുങ്ങി മരിച്ച ബഹ്റിൻ സ്വേദേശിയായ മുങ്ങൽ വിദഗ്ദ്ധന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് എം.പി ജലാൽ കാഥേം അൽ മഹ്‌ഫൗദ് ആവശ്യപ്പെട്ടു.

ജൂലൈ 22 (വെള്ളിയാഴ്ച) കാണാതായ ബഹ്ററിനി മുങ്ങൽ വിദഗ്ദ്ധൻ റിയാദ് അൽ ഖലാഫിന്റെ മൃതദേഹം 25 (തിങ്കൾ) പുലർച്ചെ 3 മണിയോടെ കടലിന്റെ അടിത്തട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ജുഫൈറിലെ വസതിയിൽ നിന്നും സിത്രയിലെ ജോലി സ്ഥലത്തേയ്ക്ക് പോയതാണ് ഇദ്ദേഹം. ‘ദിൽമുൻ’ എന്ന പേരിൽ ഒരു സ്വകാര്യ അണ്ടർ വാട്ടർ വെൽഡിങ് കന്പനി നടത്തുകയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തോടൊപ്പം ദക്ഷിണാഫ്രിക്കക്കാരനായ സഹപ്രവർത്തകൻ കൂടിയുണ്ടായിരുന്നു. ആഴം കുറഞ്ഞ ഭാഗത്തായിരുന്നു ജോലി. ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ജോലികൾ നിരീക്ഷിച്ചു കൊണ്ടിരുന്ന റിയാദിനെ കാണാനില്ലായിരുന്നെന്ന് സഹപ്രവർത്തകൻ പറയുന്നു. ഈ മേഖലയിൽ വളരെ പ്രാവീണ്യവും പ്രവൃത്തി പരിചയവുമുള്ളയാളായ റിയാദ്,  ഇത്രയും ആഴം കുറഞ്ഞ സ്ഥലത്ത് മുങ്ങി മരിച്ചത് സംശയകരമായി തോന്നുന്നുവെന്ന് റിയാദിന്റെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.

ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിയ്ക്ക് വേണ്ടി ജലോപരിതലത്തിന് താഴെയുള്ള ജോലികൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഇത് നിരീക്ഷിക്കുന്നതിനിടെയാണ് റിയാദിന് അപകടമുണ്ടായതെന്നാണ് പറയുന്നത്. സംഭവത്തെ കുറിച്ച് അടിയന്തിരമായി അന്വേഷിക്കണമെന്നും, അല്ലാത്ത പക്ഷം ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് എം.പി അറിയിച്ചു. അടുത്ത മീറ്റിങ്ങിൽ താൻ ഈ വിഷയം വീണ്ടും അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

റിയാദിനൊപ്പമുണ്ടായിരുന്ന ദക്ഷിണാഫ്രിക്കക്കാരനായ സഹപ്രവർത്തനെ വിശദമായി ചോദ്യം ചെയ്യണമെന്നും എം.പി  നിർദ്ദേശിച്ചു.

You might also like

Most Viewed