സ്വന്തം ഗാനത്തിന്റെ സൃഷ്ടാവായി മറ്റുള്ളവരെ പരിചയപ്പെടുത്തിയതോർമിച്ച് ഇ.വി വത്സൻ

മനാമ : യുവജനോത്സവത്തിൽ തന്റെ തന്നെ ഗാനം പാടി ലളിതഗാനത്തിന് സമ്മാനം നേടിയ കുട്ടിയെ അഭിനന്ദിക്കാൻ ചെന്നപ്പോൾ പാട്ട് എഴുതിയ ആളെയും സംഗീത സംവിധായകനെയും തനിക്ക് ഇങ്ങോട്ട് പരിചയപ്പെടുത്തിയ ദുരനുഭവം ഓർമ്മിച്ച് പ്രശസ്തനായ ഗാനരചയിതാവും, സംഗീത സംവിധായകനും നാടക കൃത്തും കൂടിയായ ഇ.വി വത്സൻ. മധുമഴ എന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം വാർത്തസമ്മേളനത്തിലാണ് തന്റെ ഗാനരചനാ രംഗത്തെ ദുരനുഭവം വിവരിച്ചത്.
സോഷ്യൽ മീഡിയകളും ടി.വി ചാനലുകളും സജീവമല്ലാതിരുന്ന കാലത്താണ് തന്റെ പാട്ടുകൾക്ക് ആസ്വാദകരുണ്ടായതെന്നും, വർഷങ്ങൾക്ക് ശേഷവും ആ പാട്ടുകളെ സ്നേഹിക്കുകയും, തന്നിലെ സർഗ്ഗാത്മകതയെ തിരിച്ചറിയുകയും ചെയ്ത ഒരു പറ്റം ആളുകൾ ചേർന്ന് ഇവിടേക്ക് ക്ഷണിച്ച് കൊണ്ടുവന്നതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കലാജീവിതത്തിൽ പരാതികൾ പറയാനോ സ്വയം മാർക്കറ്റ് ചെയ്യാനോ ശ്രമിക്കാതെ പലപ്പോഴും ഉൾവലിയുകയാണ് ഉണ്ടായതെന്നും മധുമഴ എന്ന ആൽബത്തിന്റെ പല എഡീഷനുകൾ പുറത്തിറങ്ങിയപ്പോഴും, ലോകത്തെന്പാടുമുള്ള മലയാളികളുടെ ചുണ്ടിൽ തന്റെ ഗാനം മൂളിയപ്പോഴും ഗാനരചയിതാവിനെയും സംഗീത സംവിധായകനേയും എല്ലാവരും മറന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് തന്റെ ഗാനം ഗിരീഷ് പുത്തഞ്ചേരിയുടേതാണെന്ന് വരെ പല പുസ്തകങ്ങളിലും അച്ചടിച്ചു വന്നു. കേവലം ഒരു ഗാനം ഹിറ്റായാൽ പോലും ഗൾഫ് രാജ്യങ്ങളിലടക്കം അത്തരക്കാർക്ക് ലഭിക്കുന്ന അംഗീകാരമോ ഭാഗ്യമോ തനിക്കു ഒരിക്കലും ലഭിച്ചിരുന്നില്ല.
‘കഴിഞ്ഞുപോയ കാലവും, അമ്മക്കുയിലെ’ എന്ന ഗാനവും ഇപ്പോഴും ലളിതഗാനവേദികളിൽ ജൈത്രയാത്ര തുടരുകയാണ്. അപ്പോഴും ഇതെല്ലാം പിന്നിൽ നിന്ന് നോക്കിക്കാണാൻ മാത്രമേ എനിക്ക് സാധിക്കുന്നുള്ളൂ. ഈ രംഗത്തുള്ള കച്ചവട തന്ത്രങ്ങളൊ കോപ്പി റൈറ്റ് നിയമങ്ങളോ അറിയാതിരുന്നതും, കോക്കസുകളിൽപെടാതിരുന്നതുമൊക്കെ വള
ർച്ചയ്ക്ക് വിഘാതമായി.
ഇതിനൊക്കെ അപ്പുറത്ത് തന്റെ പാട്ടുകൾ സംഗീത പ്രതിഭകൾ പാടുന്നത് കേൾക്കുന്പോഴുള്ള ആത്മ നിർവൃതിക്കായിരുന്നു താൻ സ്ഥാനം നൽകിയെതെന്ന് പറഞ്ഞ ഇ.വി വത്സൻ തന്റെ പാട്ടിനെ സ്നേഹിച്ചവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആദ്യമായി കടൽ കടക്കേണ്ടി വന്നതെന്നും പറഞ്ഞു.
ഗോപി സുന്ദറിനെപ്പോലെ ന്യൂജനറേഷൻ സംഗീത സംവിധായകരുടെ കാലത്ത് സംഗീതം തന്നെ പരിഹസിക്കപ്പെടുകയാണെന്നും രവീന്ദ്രൻ മാഷിന് ശേഷം എം. ജയചന്ദ്രന്റെ പാട്ടുകൾ മാത്രമാണ് അൽപ്പമെങ്കിലും ആശ്വാസത്തിന് വക നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മധുമഴയുടെ സംഘാടകരായ മനോജ് മയ്യന്നൂർ, കെ.ആർ ചന്ദ്രൻ, ബാബുരാജ് മാഹി, രാമത്ത് ഹരിദാസ്, ആർ. പവിത്രൻ, ഒ.എം അശോകൻ, എം.എം ബാബു എന്നിവരും സംബന്ധിച്ചു.
പ്രശസ്ത ഗായകൻ വിൽസ്വരാജ്, ശ്രീലത, അറബി ഗായിക മീനാക്ഷി എന്നിവർ ഉൾപ്പെട്ട സംഗീത പ്രതിഭകളുടെ പരിപാടി നാളെ കേരളീയ സമാജത്തിൽ െവച്ചാണ് അരങ്ങേറുക. പ്രവേശനം സൗജന്യമാണ്.