ബോട്ടിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ഇന്ത്യക്കാർക്ക് പരിക്ക്

മനാമ: ബോട്ടിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോട്ട് ക്യാപ്റ്റൻ മുനിസ്വാമി മുത്തുസ്വാമി(55), കോ-ക്യാപ്റ്റൻ സതീഷ് കുമാർ ദാസ് (34) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിത്രയിലെ ബോട്ട് ജെട്ടിയിൽ ഇന്നലെ ഉച്ചയ്ക്ക് 1:10നായിരുന്നു അപകടം.
അബുദാബി ഡ്രഡ്ജിംഗ് കന്പനിയുടെ ഉടമസ്ഥതയിലുള്ള ദാനത് അൽ ഖലീജ് ടൂറിസം ആന്റ് ട്രാവൽസ് സർവ്വീസ് നടത്തുന്ന ബോട്ടിലാണ് അപകടം ഉണ്ടായത്. സൈറ്റിൽ ഒരു ബാച്ച് തൊഴിലാളികളെ ഇറക്കിയതിന് ശേഷം അടുത്ത ബാച്ചിനെ കൊണ്ടുപോകാനായി ഇന്ധനം നിറയ്ക്കവേയാണ് അപകടം നടന്നത്. അമിത ചൂട് കാരണം ഇന്ധന ടാങ്കിന് തീപ്പിടിക്കുകയും തുടർന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് കരുതുന്നു. പരിക്കേറ്റ രണ്ട് പേരും സൽമാനിയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.