രാത്രികാല നിർമ്മാണ പ്രവർത്തനം: കർശന നിയന്ത്രണം ആവശ്യപ്പെട്ട് ബഹ്റൈൻ സത്തേൺ മുനിസിപ്പൽ കൗൺസിൽ
പ്രദീപ് പുറവങ്കര
മനാമ: താമസമേഖലകളിൽ രാത്രി വൈകിയും തുടരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വയോധികരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ ഉറക്കം കെടുത്തുന്നതായി പരാതി. ഇത്തരം ശബ്ദമലിനീകരണങ്ങൾ തടയാൻ നിർമ്മാണ കരാറുകാർക്ക് കർശന സമയക്രമം ഏർപ്പെടുത്തണമെന്നും നിയമലംഘകർക്ക് 5,000 ദിനാർ വരെ പിഴ ചുമത്തണമെന്നും സത്തേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുള്ള അബ്ദുൽ ലത്തീഫ് ആവശ്യപ്പെട്ടു.
മേഖലാ ബ്ലോക്കുകളായ 914, 934 എന്നിവിടങ്ങളിൽ നിന്ന് പ്രതിദിനം നിരവധിയാളുകളാണ് ശബ്ദശല്യം കാരണം പരാതിപ്പെടുന്നത്. താമസമേഖലകളിൽ കൂടുതൽ ശബ്ദമുണ്ടാക്കുന്ന യന്ത്രങ്ങളുടെ പ്രവർത്തനം രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയും, വൈകുന്നേരം 4 മുതൽ 6 വരെയും മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
കനത്ത യന്ത്രങ്ങളുടെ ഉപയോഗം, റോഡ് നിർമ്മാണം, ഡ്രില്ലിംഗ് എന്നിവ രാത്രി വൈകിയും നടക്കുന്നത് ആളുകളുടെ വിശ്രമത്തെ പ്രതികൂലമായി ബാധിക്കുന്നു. നിർമ്മാണം പാടെ തടയുകയല്ല, മറിച്ച് കെട്ടിട നിർമ്മാണ പെർമിറ്റുകളിൽ തന്നെ പ്രവൃത്തി സമയം വ്യക്തമായി രേഖപ്പെടുത്തി കൃത്യമായ നിയന്ത്രണം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ മുനിസിപ്പൽ ഇൻസ്പെക്ടർമാർക്ക് അധികാരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
aa

