ഐ.സി.ആർ.എഫ് 'തേർസ്റ്റ് ക്വഞ്ചേർസ് 2026' കാമ്പയിൻ വിജയകരമായി സമാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫോറം (ഐ.സി.ആർ.എഫ്) തൊഴിലാളികൾക്കിടയിൽ സംഘടിപ്പിച്ചു വന്ന വാർഷിക വേനൽ കാല ആശ്വാസ പദ്ധതിയായ 'തേർസ്റ്റ് ക്വഞ്ചേർസ് 2026' വിജയകരമായി സമാപിച്ചു. പദ്ധതിയുടെ തുടർച്ചയായ 11-ാം വർഷത്തെ കാമ്പയിന്റെ സമാപന പരിപാടി സിത്രയിലെ പ്രധാന പ്രവൃത്തിമേഖലയിലാണ് നടന്നത്.
ബഹ്‌റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ വേനൽക്കാല സുരക്ഷാ നിർദ്ദേശങ്ങൾക്ക് അനുസൃതമായി സംഘടിപ്പിച്ച ചടങ്ങിൽ 500-ലധികം തൊഴിലാളികൾക്ക് തണുത്ത കുടിവെള്ളം, ജ്യൂസ്, പഴങ്ങൾ, ലബൻ, ഐസ്ക്രീം എന്നിവ വിതരണം ചെയ്തു. തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) എന്നിവയുടെ സഹകരണത്തോടെ നടത്തിയ കാമ്പയിനിലൂടെ 11 ആഴ്ചകളിലായി 4,500-ലധികം തൊഴിലാളികളിലേക്ക് സഹായമെത്തിക്കാൻ സാധിച്ചു. 2016-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 26,000-ത്തിലധികം പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമേകാൻ സാധിച്ചതായി സംഘാടകർ അറിയിച്ചു.
സിത്രയിൽ നടന്ന സമാപന ചടങ്ങിൽ തൊഴിൽ മന്ത്രാലയത്തിലെ എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, ഐ.സി.ആർ.എഫ് ഉപദേശകൻ ഡോ. ബാബു രാമചന്ദ്രൻ, ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ്, കാമ്പയിൻ കോഓർഡിനേറ്റർമാരായ ചെമ്പൻ ജലാൽ, റൂചി ചക്രവർത്തി എന്നിവരും വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
aa

