ബുദയ്യയിൽ 'ലൈവ് പെയ്ന്റിംഗ്': കാൻവാസുകളിൽ വർണ്ണ വിസ്മയമൊരുക്കി കലാകാരന്മാർ


പ്രദീപ് പുറവങ്കര

മനാമ: ഡിജിറ്റൽ ലോകത്തിന്റെ കൃത്രിമത്വങ്ങൾക്കപ്പുറം നേരിട്ടുള്ള കാഴ്ചയുടെ ഭംഗിയും മാനുഷിക സ്പർശവും വിളിച്ചോതി ബുദയ്യയിൽ വേറിട്ട ലൈവ് പെയ്ന്റിംഗ് പ്രദർശനം സംഘടിപ്പിച്ചു. ബഹ്‌റൈൻ ആർട്ട് കളക്ടീവിന്റെ നേതൃത്വത്തിൽ ബുദയ്യയിലെ ബഹ്‌റൈൻ ആർട്ടിസ്റ്റിക് ഫ്രെയിംസ് സെന്ററിലായിരുന്നു കാണികൾക്ക് വേറിട്ട അനുഭവമേകിയ കലാസന്ധ്യ അരങ്ങേറിയത്.

സുദീപ് ദേശ്പാണ്ഡെ സംഘടിപ്പിച്ച ഈ പരിപാടിയിൽ നാല് മണിക്കൂർ കൊണ്ടാണ് കാൻവാസുകൾ വർണ്ണാഭമായ ചിത്രങ്ങളായി മാറിയത്. സ്റ്റുഡിയോയുടെ അടച്ചിട്ട മുറികൾക്കോ ഡിജിറ്റൽ എഡിറ്റിംഗുകൾക്കോ സ്ഥാനമില്ലാതെ, ആദ്യത്തെ രേഖാചിത്രം മുതൽ അവസാനത്തെ ഒപ്പ് വരെ കലാകാരന്മാർ വരയ്ക്കുന്നത് കാണികൾ തൊട്ടടുത്തുനിന്ന് തത്സമയം വീക്ഷിച്ചു. പ്രദേശത്തിന്റെ പരമ്പരാഗത 'മജ്‌ലിസ്' സംസ്കാരത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് സുദീപ് ദേശ്പാണ്ഡെ പറഞ്ഞു.

ചലനവും വർണ്ണങ്ങളും പ്രമേയമാക്കിയായിരുന്നു ചിത്രരചന. തത്സമയ ഔദ് (Oud), പെർക്കഷൻ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും കുടുംബങ്ങളും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു. അവർ കലാകാരന്മാരോട് സംവദിക്കുകയും ചിത്രരചനയുടെ വിവിധ ഘട്ടങ്ങൾ നേരിട്ട് കണ്ടറിയുകയും ചെയ്തു.

സ്വദേശികളും പ്രവാസികളുമായ 18 പ്രമുഖ കലാകാരന്മാരാണ് ഈ ലൈവ് പെയ്ന്റിംഗിൽ പങ്കാളികളായത്. അദിതി പട്ടേൽ, അഞ്ജു കപൂർ, അനുരാഗ് ശർമ്മ, ആർതി അഗർവാൾ, ആയിഷ റൈസ്, കർമൻ സാൽവ ഡെൽ കോറൽ, ദിൽറുബ അക്തർ, സമർ ഗബ്രിയേൽ, മേഘ്ന, നിമേഷ് പ്രകാശ്, സജ്നി വൈദ്യ, സമീന ഷെയ്ഖ്, സംഗീത കോത്താരി, സ്നേഹ രാജ്, ഷെരീൻ ഫരീദ്, മുഹമ്മദ് താഹ, താമർ അൽ റീഫി, സുദീപ് ദേശ്പാണ്ഡെ എന്നിവരാണ് കാൻവാസുകളിൽ തത്സമയം വിസ്മയം തീർത്തത്. ബഹ്‌റൈന്റെ സമകാലിക കലാരംഗത്ത് വലിയ ചലനമുണ്ടാക്കാൻ ഈ തത്സമയ ചിത്രരചനാ കൂട്ടായ്മയ്ക്ക് സാധിച്ചു.

article-image

FGFFDFXDFX

You might also like

  • Lulu Exchange
  • Straight Forward

Most Viewed