വ്യാജ ഇലക്ട്രോണിക് വിവരങ്ങൾ നൽകി തട്ടിപ്പ്: കേസ് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതിയിൽ
പ്രദീപ് പുറവങ്കര
മനാമ: നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സിസ്റ്റത്തിൽ വ്യാജ വിവരങ്ങൾ നൽകി ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തിയ കേസിലെ പ്രതിയെ ഹൈ ക്രിമിനൽ കോടതിയിലേക്ക് അയച്ച് പബ്ലിക് പ്രൊസിക്യൂഷൻ. രണ്ട് വ്യത്യസ്ത കേസുകളിലായിട്ടാണ് പ്രതിക്കെതിരെ നടപടി.
ധനകാര്യ കുറ്റകൃത്യങ്ങൾക്കും പണമിടപാട് കേസുകൾക്കുമുള്ള പ്രൊസിക്യൂഷന്റെ റിപ്പോർട്ട് അനുസരിച്ച്, വ്യക്തികളിൽ നിന്ന് സാമ്പത്തിക കുടിശ്ശിക ഈടാക്കുന്നതിനായി നൽകിയ ഹർജികളിലാണ് പ്രതി തെറ്റായ മൊബൈൽ നമ്പറുകൾ നൽകിയത്. ഒരു കേസിൽ 14 പേർക്കെതിരെയും മറ്റൊന്നിൽ 9 പേർക്കെതിരെയുമാണ് വ്യാജ നമ്പറുകൾ നൽകി പരാതി നൽകിയിരുന്നത്.
വിവിധ ആളുകൾക്കായി നൽകിയ അപേക്ഷകളിൽ രേഖപ്പെടുത്തിയ രണ്ട് ഫോൺ നമ്പറുകളും പ്രതിയുടേത് തന്നെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിനെക്കുറിച്ചുള്ള വിവരങ്ങളോ അറിയിപ്പുകളോ ബാധിക്കപ്പെട്ട വ്യക്തികൾ അറിയാതിരിക്കാനും, അവർ ഇതിനെതിരെ നിയമപരമായി പ്രതികരിക്കുന്നത് തടയാനുമാണ് പ്രതി സ്വന്തം നമ്പറുകൾ സിസ്റ്റത്തിൽ നൽകിയതെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കി.
ഇരയായ വ്യക്തികളുടെയും മന്ത്രാലയത്തിലെ ജീവനക്കാരന്റെയും മൊഴികളും ഇലക്ട്രോണിക് സിസ്റ്റത്തിലെ ശാസ്ത്രീയ പരിശോധനയും കേസിലെ ക്രമക്കേടുകൾ ശരിവെച്ചു. സിസ്റ്റത്തിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് സന്ദേശങ്ങൾ പ്രതിയുടെ ഫോൺ നമ്പറുകളിലേക്കാണ് പോയിരുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
കേസിൽ തുടർനടപടികൾക്കായി ഓഗസ്റ്റ് 18, 2026-ന് ഹൈ ക്രിമിനൽ കോടതി വാദം കേൾക്കും.
േ്ിേ്ി

