മയക്കുമരുന്നുമായി വിദേശികളായ സ്ത്രീയും പുരുഷനും ബഹ്റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്ക്കെതിരായ സുരക്ഷാ പരിശോധന ശക്തമാക്കി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് എവിഡൻസിന് കീഴിലുള്ള ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ നടത്തിയ തിരച്ചിലിൽ വൻതോതിൽ മയക്കുമരുന്നുമായി രണ്ട് ഏഷ്യൻ പൗരന്മാരെ (ഒരു പുരുഷനും സ്ത്രീയും) അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണ സംഘം, ശാസ്ത്രീയമായ തെളിവുകളും വിവരങ്ങളും ശേഖരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതികളെ വലയിലാക്കിയത്. ഇവരിൽ നിന്ന് കണ്ടെടുത്ത ലഹരിവസ്തുക്കൾ സുരക്ഷിതമായി കസ്റ്റഡിയിലെടുത്തു.
പിടിയിലായ പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് എവിഡൻസ് അറിയിച്ചു.
മയക്കുമരുന്ന് നിർമാർജനത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമാണെന്ന് അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ 996 എന്ന ഹോട്ട്ലൈൻ നമ്പറിലോ, 996@interior.gov.bh എന്ന ഇമെയിൽ വഴിയോ വിവരങ്ങൾ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ ഉറപ്പുനൽകുന്നു.
sdff

