തെക്കൻ ബഹ്‌റൈനിലെ ജലസുരക്ഷ ഉറപ്പാക്കാൻ പുതിയ ജലവിതരണ കേന്ദ്രം നിർമ്മിക്കുന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ സതേൺ ഗവർണറേറ്റിൽ വർദ്ധിച്ചുവരുന്ന ജലാവശ്യങ്ങൾ പരിഹരിക്കുന്നതിനും പ്രദേശത്തെ ജലസുരക്ഷ ഉറപ്പാക്കുന്നതിനുമായി വാദി അൽ ബുഹൈറിൽ പുതിയ ജലവിതരണ കേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. 1.125 കോടി ഇംപീരിയൽ ഗാലൻ സംഭരണശേഷിയുള്ള ഈ പുതിയ പദ്ധതി കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും.
ഹുനൈനിയ സ്റ്റേഷൻ പൂർത്തിയാകുന്നതോടെ ബ്ലോക്ക് 901, 905, 907 എന്നിവയുൾപ്പെടെ സമീപത്തുള്ള പാർപ്പിട മേഖലകളിലേക്ക് തടസ്സമില്ലാതെ ശുദ്ധജലമെത്തിക്കാൻ സാധിക്കുമെന്ന് സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുള്ള ഇബ്രാഹിം അബ്ദുല്ലത്തീഫ് വ്യക്തമാക്കി. പ്രദേശത്ത് നഗരവൽക്കരണം വേഗത്തിൽ നടക്കുന്ന സാഹചര്യത്തിൽ ജലവിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും വർദ്ധിപ്പിക്കാൻ ഈ പദ്ധതിക്ക് കഴിയും.
ഒരു കോടി ഇംപീരിയൽ ഗാലൻ സംഭരണശേഷിയുള്ള ഗ്രൗണ്ട് റിസർവോയർ, ഈസ്റ്റ് റിഫ മേഖലയിലേക്ക് വെള്ളമെത്തിക്കുന്നതിനായി 12.5 ലക്ഷം ഇംപീരിയൽ ഗാലൻ ശേഷിയുള്ള എലവേറ്റഡ് വാട്ടർ ടാങ്ക്, പ്രധാന പമ്പിംഗ് സ്റ്റേഷൻ, മറ്റ് അനുബന്ധ സൗകര്യങ്ങൾ, അത്യാധുനിക പ്രവർത്തന സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.
സ്‌കാഡ (SCADA) സാങ്കേതികവിദ്യയും ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കുകളും ഉപയോഗിച്ച് സ്റ്റേഷനെ എലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ കൺട്രോൾ സെന്ററുമായി നേരിട്ട് ബന്ധിപ്പിക്കും. ഇത് വഴി 24 മണിക്കൂറും പ്രവർത്തനം നിരീക്ഷിക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും സാധിക്കും.
2027 ഡിസംബറോടെ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ജലവിതരണ കേന്ദ്രം തെക്കൻ ഗവർണറേറ്റിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക പങ്കുവഹിക്കും. വരാനിരിക്കുന്ന ഭവന പദ്ധതികൾക്കും വളർന്നുവരുന്ന മറ്റ് പ്രദേശങ്ങൾക്കും പദ്ധതി വലിയ പിന്തുണയാകും.
sdfsdf

