സർവീസുകൾ 75 ശതമാനവും പുനഃസ്ഥാപിച്ച് ഗൾഫ് എയർ; ജൂൺ ഒന്നിനകം പൂർണ്ണ സജ്ജമാകും


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ തങ്ങളുടെ അന്താരാഷ്ട്ര സർവീസുകൾ പഴയപടിയാക്കുന്നു. ആഗോള ശൃംഖലയുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും 75 ശതമാനവും കമ്പനി പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചതോടെ ബഹ്റൈൻ വഴി കൂടുതൽ യാത്രക്കാരെ ബന്ധിപ്പിക്കാൻ എയർലൈന് സാധിക്കുന്നുണ്ട്.

നിലവിൽ 24 രാജ്യങ്ങളിലായി 40 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഗൾഫ് എയർ സർവീസ് നടത്തുന്നുണ്ട്. ജൂൺ 1-ഓടെ സർവീസുകൾ 100 ശതമാനവും പൂർണ്ണമായി പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വിമാനങ്ങളുടെ എണ്ണവും പ്രതിദിന സർവീസുകളുടെ ആവൃത്തിയും വർദ്ധിപ്പിച്ചു വരികയാണെന്ന് കമ്പനി വ്യക്തമാക്കി. ഈ പ്രതിസന്ധി ഘട്ടത്തിലും ഉപഭോക്താക്കൾക്കായി മികച്ച സേവനം നൽകിയ ജീവനക്കാരുടെ പ്രയത്നം അഭിനന്ദനാർഹമാണെന്ന് ഗൾഫ് എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർട്ടിൻ ഗാസ് പറഞ്ഞു.

യാത്രക്കാർക്ക് പിന്തുണയുമായി നിരവധി ഇളവുകളും ഗൾഫ് എയർ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ജൂൺ 30 വരെ കൺഫേംഡ് ബുക്കിംഗ് ഉള്ള എല്ലാ യാത്രക്കാർക്കും സൗജന്യമായി ഒരു തവണ യാത്ര തീയതി മാറ്റാം (ഇവർക്ക് 2027 മാർച്ച് 31 വരെയുള്ള തീയതികളിലേക്ക് റീബുക്ക് ചെയ്യാം). കൂടാതെ, 2026 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ കാലാവധി അവസാനിക്കേണ്ടിയിരുന്ന ഫാൽക്കൺ ഫ്ലൈയർ മൈലുകൾ, ലോയൽറ്റി പോയിന്റുകൾ, ടയർ സ്റ്റാറ്റസുകൾ എന്നിവയുടെ കാലാവധി 2026 ജൂൺ 30 വരെ നീട്ടിയിട്ടുമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed