പാർലമെന്റിൽ പരസ്യമായി മാപ്പപേക്ഷിക്കാൻ മൂന്ന് ബഹ്റൈൻ എംപിമാർ; ചൊവ്വാഴ്ച പ്രത്യേക പ്രസ്താവന നടത്തും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ജുഡീഷ്യൽ അതോറിറ്റി നിയമഭേദഗതിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയുണ്ടായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മൂന്ന് ബഹ്റൈൻ എംപിമാർ മെയ് 5 ചൊവ്വാഴ്ച പാർലമെന്റിൽ പരസ്യമായി മാപ്പപേക്ഷിക്കും. ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽനബി സൽമാൻ, സർവീസ് കമ്മിറ്റി ചെയർമാൻ മമദൂഹ് അൽ സാലിഹ്, ഡോ. മഹ്ദി അൽ ഷുവൈഖ് എന്നിവരാണ് മാപ്പപേക്ഷയിൽ ഒപ്പുവെച്ചത്.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും ബഹ്‌റൈൻ ജനതയോടും തങ്ങൾക്കുള്ള ആദരവും ഖേദവും അറിയിക്കുന്നതായി എംപിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ നടന്ന ഇറാനിയൻ ആക്രമണങ്ങളെ അപലപിച്ച ഇവർ, ഭരണകൂടത്തോടും രാജ്യത്തോടുമുള്ള പൂർണ്ണമായ വിശ്വസ്തത ആവർത്തിച്ചു. രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവർക്കോ അക്രമകാരികളോട് അനുഭാവം പുലർത്തുന്നവർക്കോ ബഹ്‌റൈൻ മണ്ണിൽ സ്ഥാനമില്ലെന്നും ഇവർ പ്രസ്താവിച്ചു.
രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുന്നതിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സും സുരക്ഷാ സേനയും വഹിക്കുന്ന പങ്കിനെ എംപിമാർ പ്രശംസിച്ചു. സത്യപ്രതിജ്ഞാ വാചകങ്ങൾ മുറുകെപ്പിടിച്ച് ഉത്തരവാദിത്തത്തോടെ പൊതുപ്രവർത്തനം തുടരുമെന്ന പ്രതിജ്ഞയോടെയാണ് മാപ്പപേക്ഷ സമർപ്പിച്ചത്. മെയ് 5 ചൊവ്വാഴ്ച രാവിലെ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇത് ഔദ്യോഗികമായി വായിക്കും.
xvcxv

