ബഹ്‌റൈനിൽ കൊതുക് ശല്യം വർദ്ധിക്കുന്നു; പ്രതിരോധ നടപടികൾ ശക്തമാക്കാൻ നഗരസഭ കൗൺസിൽ ശുപാർശ
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ കൊതുക് ശല്യം രൂക്ഷമാകുന്നതായി പരാതികൾ ഉയരുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രീതിയിൽ കൊതുകുകൾ വർദ്ധിച്ചതോടെ പ്രതിരോധ നടപടികൾ വേഗത്തിലാക്കാൻ നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ശുപാർശ ചെയ്തു. നിലവിലെ സർക്കാർ സംവിധാനങ്ങൾക്ക് പുറമെ സ്വകാര്യ കീടനിയന്ത്രണ കമ്പനികളെ കൂടി ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണമെന്നാണ് കൗൺസിൽ അംഗം മുഹമ്മദ് സാദ് അൽ ദോസരി സമർപ്പിച്ച നിർദ്ദേശത്തിൽ പറയുന്നത്. ഇതിലൂടെ കൊതുക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും വേഗത്തിൽ നടപ്പിലാക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊതുക് ശല്യം കേവലം അസ്വസ്ഥത മാത്രമല്ല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബഹ്‌റൈനിൽ കൊതുക് കടിയേറ്റുള്ള ചൊറിച്ചിലും തടിപ്പും വേദനയും സാധാരണമാണെന്നും എന്നാൽ ലോകമെമ്പാടുമുള്ള പകർച്ചവ്യാധികളിൽ 17 ശതമാനത്തിലധികം കൊതുക് പോലുള്ള ജീവികൾ വഴി പടരുന്നവയാണെന്നും ദാർ അൽ ഹയാത്ത് മെഡിക്കൽ സെന്ററിലെ കൺസൾട്ടന്റ് ഫാമിലി ഫിസിഷ്യൻ ഡോ. അമീറ ബറകാത്ത് ചൂണ്ടിക്കാട്ടി.
വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധം. ബക്കറ്റുകൾ, ഡ്രെയിനേജുകൾ, പുറത്തെ പാത്രങ്ങൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളാണ്. പുറത്തിറങ്ങുമ്പോൾ ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കാനും കൊതുകുനിവാരണികൾ ഉപയോഗിക്കാനും ഡോക്ടർ നിർദ്ദേശിച്ചു.
കൊതുക് ശല്യം വർദ്ധിച്ചതോടെ പ്രാദേശിക വിപണിയിൽ കൊതുക് നശീകരണ ഉപകരണങ്ങൾക്ക് ആവശ്യക്കാർ ഏറുകയാണ്. ഇലക്ട്രിക് സ്വാറ്ററുകൾക്കും ട്രാപ്പുകൾക്കുമാണ് പ്രിയം കൂടുതൽ. വിപണിയിൽ 15 മുതൽ 50 ദിനാർ വരെ വിലയുള്ള ഇത്തരം ഉപകരണങ്ങൾ പലരും ഒന്നിലധികം വാങ്ങി വീടിന്റെ വിവിധ മുറികളിൽ സജ്ജീകരിക്കുന്നുണ്ട്. കൊതുക് ശല്യം റിപ്പോർട്ട് ചെയ്യുന്നതിനായി മികച്ച റിപ്പോർട്ടിംഗ് സംവിധാനങ്ങളും ഹോട്ട്‌ലൈനുകളും ഏർപ്പെടുത്തണമെന്നും അധികൃതർ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്നും കൗൺസിൽ ശുപാർശ ചെയ്തു.
dsfgdsg



