ജി.പി.ഐ.സി പ്ലാന്റിൽ രണ്ടാം ഘട്ട അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു; സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇറാൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി പ്ലാന്റിലെ രണ്ടാം ഘട്ട അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിന് മുന്നോടിയായി ശക്തമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്ലാന്റിന് ചുറ്റുമുള്ള രണ്ട് കിലോമീറ്റർ പ്രദേശം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു.
അമോണിയ വാതക ചോർച്ച ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് നാഷണൽ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്‌ഫോം വഴി മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്ന ബ്ലോക്ക് 619-ലെ താമസക്കാരെ താൽക്കാലികമായി മാറിതാമസിക്കാൻ അധികൃതർ അറിയിച്ചു. ഇവർക്കായി താൽക്കാലിക താമസസൗകര്യങ്ങൾ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രോട്ടോക്കോളുകൾ പൂർണ്ണമായി നടപ്പിലാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ 5-ന് ജനവാസ മേഖലയിലുള്ള ജി.പി.ഐ.സി പ്ലാന്റിന് നേരെ നടന്ന ആക്രമണം ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ബഹ്‌റൈന്റെ സിവിൽ പ്രൊട്ടക്ഷൻ വിഭാഗം നേരത്തെ സ്വീകരിച്ച പ്രതിരോധ നടപടികൾ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്. നിലവിലെ അറ്റകുറ്റപ്പണികളോട് പൂർണ്ണമായി സഹകരിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
qwaswsa




