ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ട് കൈവശം വെക്കുന്നത് കുറ്റകരം; നിയമഭേദഗതി പാർലമെന്റിലേക്ക്
പ്രദീപ് പുറവങ്കര I ഗൾഫ്
മനാമ: ബഹ്‌റൈനിൽ ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടോ മറ്റ് തിരിച്ചറിയൽ രേഖകളോ അവരുടെ സമ്മതമില്ലാതെ തൊഴിലുടമകൾ കൈവശം വെക്കുന്നത് നിരോധിക്കാനുള്ള സുപ്രധാന നിയമഭേദഗതി അടുത്ത ചൊവ്വാഴ്ച പാർലമെന്റ് വോട്ടിനിടും. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം കൂടുതൽ സുതാര്യമാക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്. നിയമം ലംഘിച്ച് രേഖകൾ പിടിച്ചുവെക്കുന്ന തൊഴിലുടമകൾക്ക് 200 മുതൽ 500 ബഹ്‌റൈൻ ദിനാർ വരെ പിഴ ചുമത്താൻ പുതിയ വ്യവസ്ഥയിൽ ശുപാർശയുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ രേഖകൾ കൈപ്പറ്റുകയാണെങ്കിൽ അതിന് കൃത്യമായ രസീത് നൽകണമെന്നും തൊഴിലാളി ആവശ്യപ്പെടുമ്പോൾ തന്നെ അവ തിരികെ നൽകണമെന്നും ഭേദഗതി നിർദ്ദേശിക്കുന്നു.
കൂടാതെ, നിലവിലെ നിയമങ്ങളിൽ "വീട്ടുജോലിക്കാർ" എന്ന അർത്ഥം വരുന്ന പദത്തിന് പകരം "ഗാർഹിക തൊഴിലാളികൾ" എന്ന് മാറ്റാനും നിർദ്ദേശമുണ്ട്. തൊഴിൽ മന്ത്രാലയവും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (LMRA) ഈ നീക്കത്തെ പൂർണ്ണമായി പിന്തുണച്ചു. നിയമം കൂടുതൽ വ്യക്തത നൽകുമെന്നും തൊഴിൽ തർക്കങ്ങൾ കുറയ്ക്കാനും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 2022-നും 2024-നും ഇടയിൽ രേഖകൾ പിടിച്ചുവെച്ചതുമായി ബന്ധപ്പെട്ട 91 കേസുകൾ സൗഹാർദ്ദപരമായി പരിഹരിച്ചതായും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
എന്നാൽ പാർലമെന്റിന്റെ സർവീസസ് കമ്മിറ്റി ഈ ബില്ലിനെ തത്വത്തിൽ എതിർക്കുകയാണ്. നിലവിലുള്ള തൊഴിൽ നിയമങ്ങളിൽ തന്നെ ഗാർഹിക തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം ഉണ്ടെന്നും പാസ്‌പോർട്ട് പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ കോടതി വിധിയുള്ളതിനാൽ പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നുമാണ് കമ്മിറ്റിയുടെ വാദം. 2024-ലെ കണക്കുകൾ പ്രകാരം 73,222 ഗാർഹിക തൊഴിലാളികളാണ് ബഹ്‌റൈനിൽ ഉള്ളത്. ഇതിൽ വീട്ടുജോലിക്കാർ കഴിഞ്ഞാൽ ഡ്രൈവർമാർ, ഗാർഡനർമാർ, പാചകക്കാർ എന്നിവരാണ് കൂടുതൽ. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് ചർച്ചകൾക്ക് ശേഷമേ നിയമത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
dsadfsdsdsdsf




