സർക്കാർ നിർമ്മാണ മേഖലയിൽ നിന്ന് മണലും കല്ലും കടത്തി; രണ്ട് പ്രവാസി ഉദ്യോഗസ്ഥർക്ക് ബഹ്റൈനിൽ തടവും നാടുകടത്തലും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മന്ത്രാലയത്തിന്റെ നിർമ്മാണ സൈറ്റിൽ നിന്ന് മണലും കല്ലും മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച കേസിൽ രണ്ട് കരാർ കമ്പനി ജീവനക്കാരുടെ ശിക്ഷാവിധി കോടതി ശരിവെച്ചു. ഒരു പ്രോജക്ട് എഞ്ചിനീയറും മാനേജരുമാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. ഇവരുടെ അപ്പീൽ തള്ളിയ കാസേഷൻ കോടതി, മൂന്ന് മാസം തടവും ശിക്ഷയ്ക്ക് ശേഷം രാജ്യത്ത് നിന്ന് സ്ഥിരമായി നാടുകടത്താനുമുള്ള മുൻ കോടതികളുടെ ഉത്തരവ് നിലനിർത്തി.
പൊതുമരാമത്ത് മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രോജക്ട് സൈറ്റിലെ മണലും കല്ലും സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ വിൽക്കാൻ പ്രതികൾ പദ്ധതിയിടുകയായിരുന്നു. ഒരു ട്രക്കിന് 30 ബഹ്‌റൈൻ ദിനാർ എന്ന നിരക്കിൽ മണൽ വിൽക്കാനായിരുന്നു ഇവരുടെ കരാർ. സൈറ്റിൽ നിന്ന് സാധനങ്ങൾ ട്രക്കുകളിൽ കയറ്റുന്നതിനിടെ വിവരം ലഭിച്ച അധികൃതർ സ്ഥലത്തെത്തി പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ലോവർ ക്രിമിനൽ കോടതിയും പിന്നീട് അപ്പീൽ കോടതിയും നൽകിയ ശിക്ഷാവിധി ഇപ്പോൾ കാസേഷൻ കോടതിയും ശരിവെച്ചതോടെ ഈ കേസിൽ അന്തിമ തീരുമാനമായി. ഇരുവരെയും ഉടൻ ജയിലിലേക്ക് മാറ്റുകയും തടവ് കാലാവധി കഴിഞ്ഞാലുടൻ നാടുകടത്തുകയും ചെയ്യും.
dsfadfsdsf




