ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ; ഇതുവരെ തകർത്തത് 188 മിസൈലുകളും 468 ഡ്രോണുകളും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ഭീകരാക്രമണങ്ങളെ സായുധ സേന വിജയകരമായി പ്രതിരോധിക്കുന്നതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് അറിയിച്ചു. അധിനിവേശം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 188 മിസൈലുകളും 468 ഡ്രോണുകളും ബിഡിഎഫിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 ഡ്രോണുകളാണ് ബഹ്റൈൻ ലക്ഷ്യമാക്കി വന്നത്.
രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്നും സൈനികരുടെ ഉയർന്ന ജാഗ്രതയും പോരാട്ടവീര്യവും അഭിമാനകരമാണെന്നും ജനറൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈന്യം നിർദ്ദേശിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും അകന്നു നിൽക്കണം. സൈനിക നീക്കങ്ങളോ തകർന്ന അവശിഷ്ടങ്ങളോ ഫോട്ടോ എടുക്കാനോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കാനോ പാടില്ല. അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നും ഗവൺമെന്റ് മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു.
aa
