മാനവിക ഐക്യസംഗമമായി ബി.എം.ഡി.എഫ് ഇഫ്താർ വിരുന്ന്; 700-ഓളം പേർ പങ്കെടുത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ‘മാനവിക ഐക്യ സംഗമം’ എന്ന ശീർഷകത്തിൽ ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്) സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ‘മലപ്പുറം നഗറിൽ’ നടന്ന വിരുന്നിൽ വിവിധ സംഘടനാ ഭാരവാഹികളും പൊതുപ്രവർത്തകരും കലാ-സാംസ്‌കാരിക-മാധ്യമ രംഗത്തെ പ്രമുഖരും ഉൾപ്പെടെ എഴുനൂറിലധികം അതിഥികൾ സംബന്ധിച്ചു.
ബി.എം.ഡി.എഫ് മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിൽ ആക്ടിംഗ് പ്രസിഡന്റ് റംഷാദ് ഐലക്കാട് അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതൻ ജമാൽ നദ്‌വി ഇരിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. റമദാൻ നൽകുന്ന സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം അദ്ദേഹം അതിഥികളുമായി പങ്കുവെച്ചു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബി.എം.ഡി.എഫ് ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ട്രഷറർ അലി അഷറഫ്, ഇഫ്താർ സ്വാഗതസംഘം ജനറൽ കൺവീനർ കാസിം പാടത്തുകായിൽ എന്നിവർ ആശംസകൾ നേർന്നു.
ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗതവും അൻവർ നിലമ്പൂർ നന്ദിയും പറഞ്ഞു. ഫസൽ ഭായ്, മുനീർ വളാഞ്ചേരി, മുജീബ് റഹ്മാൻ, ബഷീർ വെളിയംകോട്, ജഷീർ ചങ്ങരംകുളം, സക്കറിയ ചുള്ളിക്കൽ, സാജിദ് കരുളായി തുടങ്ങി ബി.എം.ഡി.എഫ് ഭാരവാഹികളും വനിതാ വേദി അംഗങ്ങളായ റഷീദ ഷമീർ, മുബീന മൻഷീർ, ബഷരിയ്യ മുനീർ ഉൾപ്പെടെയുള്ളവരും പരിപാടികൾക്ക് നേതൃത്വം നൽകി.
dsfdsfds


