ബഹ്റൈനിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി
പ്രദീപ് പുറവങ്കര
മനാമ: സൽമാനിയ ഗവൺമെന്റ് ഹോസ്പിറ്റലിൽ ഏറെക്കാലം ചികിത്സയിലായിരുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഇന്ത്യൻ എംബസിയുടെയും വിവിധ പ്രവാസി സംഘടനകളുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ഐസിആർഎഫ് (ICRF), ഹോപ്പ് ബഹ്‌റൈൻ, ബിഡികെ (BDK) എന്നീ സന്നദ്ധ സംഘടനകളാണ് ഇദ്ദേഹത്തിന് വേണ്ട സഹായങ്ങൾ നൽകിയത്.
വിസിറ്റ് വിസയിൽ ബഹ്‌റൈലിൽ എത്തി മൂന്ന് വർഷത്തോളമായി ജോലി തേടുന്നതിനിടെ ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്നാണ് ഇദ്ദേഹം സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായത്. ഐ.സി.യുവിലും പിന്നീട് വാർഡിലുമായി ഏറെനാൾ കഴിഞ്ഞ ഇദ്ദേഹത്തിന്റെ വിവരങ്ങൾ സുഹൃത്ത് റഹീം വഴി ഐസിആർഎഫ് ഹോസ്പിറ്റൽ കാര്യങ്ങളുടെ ചുമതലക്കാരനും ബിഡികെ ബഹ്‌റൈൻ ചെയർമാനുമായ കെ. ടി. സലിം അറിയുകയായിരുന്നു. തുടർന്ന് അദ്ദേഹം കുടുംബവുമായി ബന്ധപ്പെടുകയും, കുടുംബത്തിന്റെ അപേക്ഷ പ്രകാരം ബഹ്‌റൈൻ ഇന്ത്യൻ എംബസി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിലാക്കുകയുമായിരുന്നു.
ഹോപ്പ് ബഹ്‌റൈൻ പ്രതിനിധികളായ ഷാജി മുത്തല, ഫൈസൽ പാട്ടാണ്ടി, സാബു ചിറമ്മൽ, ഷാജി ഇളമ്പിലായി എന്നിവർ ആശുപത്രിയിലും വിമാനത്താവളത്തിലും വേണ്ട സഹായങ്ങൾ നൽകി. കോഴിക്കോട് എയർപോർട്ടിൽ നിന്നും പയ്യന്നൂർ സർക്കാർ ആശുപത്രിയിലേക്ക് ബഹ്‌റൈൻ കേരളീയ സമാജം നോർക്ക ഹെൽപ് ഡെസ്ക് വഴി നോർക്ക ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു.
sfsf
