മുഹറഖ് നൈറ്റ്‌സ് ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പൂർത്തിയായി; ഡിസംബർ 1 മുതൽ ആഘോഷം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ചരിത്രനഗരമായ മുഹറഖിന്റെ പൈതൃകവും സാംസ്കാരികത്തനിമയും ഉയർത്തിക്കാട്ടുന്ന നാലാമത് മുഹറഖ് നൈറ്റ്‌സ് ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻ്റീക്വിറ്റീസ് (ബി.എ.സി.എ) പൂർത്തിയാക്കി. ഡിസംബർ ഒന്നു മുതൽ 30 വരെ നീളുന്ന ഈ പരിപാടി മുഹറഖിലെ യുനെസ്‌കോ പൈതൃകപട്ടികയിൽ ഇടം നേടിയ പേളിങ് പാത്ത് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. നഗരത്തിന്റെ ചരിത്രപരമായ സ്വത്വം ഊട്ടിയുറപ്പിക്കാനും സാംസ്കാരികാനുഭവം പുതുക്കാനും ലക്ഷ്യമിടുന്ന ഫെസ്റ്റിവൽ രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞായർ മുതൽ ബുധൻ വരെ വൈകീട്ട് 5 മുതൽ രാത്രി 10 വരെയും വ്യാഴം മുതൽ ശനി വരെ വൈകീട്ട് 5 മുതൽ രാത്രി 12 വരെയും ആഘോഷങ്ങൾ നടക്കും.
3.5 കിലോമീറ്റർ നീളമുള്ള പേളിങ് പാത്തിലും പരിസരത്തെ ചരിത്രപരമായ കെട്ടിടങ്ങളിലും എല്ലാ ദിവസവും വിവിധതരം സാംസ്കാരിക-കലാപരിപാടികൾ, ലൈവ് മ്യൂസിക്കൽ പ്രകടനങ്ങൾ, കലാപ്രദർശനങ്ങൾ, കരകൗശല വസ്തുക്കൾ, കുട്ടികൾക്കുള്ള പരിപാടികൾ, ഭക്ഷണ കോർട്ടുകൾ, ഗൈഡഡ് ടൂറുകൾ എന്നിവ അരങ്ങേറും. ദേശീയ സ്വത്വം ശക്തിപ്പെടുത്താനുള്ള ബഹ്‌റൈന്റെ സാംസ്കാരിക പ്രതിബദ്ധതയുടെ പ്രതിഫലനമായ ഈ ഫെസ്റ്റിവൽ 'സെലിബ്രേറ്റ് ബഹ്‌റൈൻ' സീസണിന്റെ ഭാഗമാണെന്നും ബി.എ.സി.എ. വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾ പേളിങ് പാത്തിന്‍റെ വെബ്സൈറ്റിലും ബി.എ.സി.എയുടെ സോഷ്യൽ മീഡിയ ചാനലുകളിലും ലഭ്യമാണ്.
xzf
