കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം വാർഷിക സമ്മേളനവും വാഗൺ ട്രാജഡി അനുസ്മരണവും ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: കെ.എം.സി.സി. ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റിയുടെ ഒന്നാം വാർഷിക സമ്മേളനവും, ചരിത്രപ്രധാനമായ വാഗൺ ട്രാജഡി അനുസ്മരണവും ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി. 2024 നവംബറിൽ നിലവിൽ വന്ന തിരൂർ മണ്ഡലം കമ്മിറ്റി കഴിഞ്ഞ ഒരു വർഷത്തിനിടെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ തിരൂർ സി.എച്ച്. സെന്റർ ഉൾപ്പെടെ നിരവധി ജീവകാരുണ്യ, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

മനാമയിലെ പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വേൾഡ് കെ.എം.സി.സി. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രധാന പ്രഭാഷണം നടത്തിയ പ്രമുഖ ചരിത്ര പ്രഭാഷകൻ അബ്ദുർ റഹ്മാൻ അറക്കൽ വാഗൺ ട്രാജഡിയെ "തമസ്കൃതരായ ധീര ദേശാഭിമാനികളുടെ ജ്വലിക്കുന്ന ഓർമകൾ" എന്ന് വിശേഷിപ്പിച്ചു. "മത്തി വറ്റിച്ചപോലെ കബന്ധങ്ങൾ കൂട്ടിയിട്ട് ഇരുട്ടിന് മറവിൽ ആസൂത്രണം ചെയ്ത ഈ അരുംകൊലയെ നിസാരവത്കരിക്കാനാണ് വെള്ളക്കാർ 'വാഗൺ ട്രാജഡി' ആക്കി മാറ്റിയത്. വാഗണിൽ ശ്വാസം മുട്ടി മരിച്ച ഓരോ സേനാനിയും നമുക്ക് സൗഹൃദ ഇന്ത്യയുടെ മനോവീര്യമാണ് സമ്മാനിക്കുന്നത്. രാജ്യസ്നേഹം നെഞ്ചിലേറ്റി വരും തലമുറയെ വാർത്തെടുക്കണം," എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഗൺ കൂട്ടക്കൊലയുടെ ഓർമ്മകൾ അയവിറക്കി ഒരു ഡോക്യൂമെന്ററിയും സമ്മേളനത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചു.

കെ.എം.സി.സി. ബഹ്‌റൈൻ ഹെൽത്ത് വിങ്ങിൽ ആത്മാർത്ഥ സേവനം നടത്തുന്ന തിരൂർ മണ്ഡലത്തിലെ ഡോ. യാസർ ചോമയിലിനെ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് മൊമന്റോ നൽകി ആദരിച്ചു. കെ.എം.സി.സി. ഓഫീസിലെ കെ.എം. സീതി സാഹിബ് മെമ്മോറിയൽ ലൈബ്രറിയിലേക്ക് വാഗൺ ട്രാജഡി സ്മരണിക മണ്ഡലത്തിന്റെ ഉപഹാരമായി ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് തോട്ടക്കരയ്ക്ക് കൈമാറി. സമ്മേളനത്തിൽ പങ്കെടുത്തവർക്കായി വാഗൺ ട്രാജഡി ചരിത്ര ക്വിസ് മത്സരവും നറുക്കെടുപ്പിലൂടെ സമ്മാന വിതരണവും നടന്നു. കൂടാതെ, മണ്ഡലത്തിലെ വിവിധ പ്രവർത്തനങ്ങളിൽ സേവനം ചെയ്ത പ്രവർത്തകരെയും ആദരിച്ചു.

കെ.എം.സി.സി. ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ, ജനറൽ സെക്രട്ടറി അലി അക്ബർ കൈത്തമണ്ണ എന്നിവർ ആശംസകൾ നേർന്നു. തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കുന്നത്ത് പറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അബ്ദുറസാഖ് നദ്‌വി കണ്ണൂർ പ്രാർത്ഥന നടത്തി. ഓർഗനൈസിങ് സെക്രട്ടറി റമീസ് കൽപ്പ പഴംകുളങ്ങര പദ്ധതി പ്രഖ്യാപനം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി എം. മൗസൽ മൂപ്പൻ തിരൂർ സ്വാഗതവും ട്രഷറർ റഷീദ് ആതവനാട് നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി ജാസിർ കന്മനം, തിരൂർ മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം പരിയാപുരം, താജു ചെമ്പ്ര, ഫാറൂഖ് തിരൂർ, മുനീർ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ശംസുദ്ദീൻ കുറ്റൂർ എന്നിവരും സന്നിഹിതരായിരുന്നു.

article-image

asassdsdds

article-image

axsasas

You might also like

  • Straight Forward

Most Viewed