ബഹ്‌റൈനിൽ ഫുട്ബോൾ ആവേശം ഉയർത്തി '40 ബ്രദേഴ്സ്' ജില്ലാകപ്പ് സംഘടിപ്പിക്കുന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ '40 ബ്രദേഴ്സ്' സംഘടിപ്പിക്കുന്ന "ജില്ലാ കപ്പ് സീസൺ 3" ഫുട്ബോൾ ടൂർണമെന്റ് നവംബർ 13, 14, 15 തീയതികളിൽ സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കെ.എം.സി.സി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ബി.എം.ഡി.എഫ്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ കൂടാതെ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള സൗത്ത് സോൺ എന്ന പേരിലും എട്ട് പ്രഗത്ഭ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഓരോ ടീമിനും ഇന്ത്യയിൽ നിന്നുള്ള മൂന്ന് ഗസ്റ്റ് കളിക്കാരെ ഉൾപ്പെടുത്താൻ അവസരമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
മത്സരവിജയികൾക്ക് 400 യു.എസ്. ഡോളറും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 200 യു.എസ്. ഡോളറും ട്രോഫിയും സമ്മാനമായി ലഭിക്കും. കൂടാതെ, ടൂർണമെന്റിലെ മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ, മികച്ച ഡിഫെന്റർ, ഓരോ കളിയുടേയും മികച്ച കളിക്കാരൻ എന്നിവർക്ക് പ്രത്യേക ട്രോഫികളും സമ്മാനിക്കും.
ഇതിനോടൊപ്പം തന്നെ, 40 വയസ്സിന് മുകളിലുള്ള കളിക്കാർക്കായി "വെറ്ററൻസ് കപ്പ് സീസൺ 3"-യും സംഘടിപ്പിക്കുന്നുണ്ട്. മലബാർ എഫ്.സി., കേരള യുണൈറ്റഡ് എഫ്.സി., ഡ്രീം ഗെയ്‌സ് എഫ്.സി., പി.എൽ.എസ്. മറീന എഫ്.സി., ബഹ്‌റൈൻ പ്രതിഭ എഫ്.സി., ഗോവൻ വെറ്ററൻസ്, സോക്കർ എഫ്.സി. എന്നീ ടീമുകളാണ് വെറ്ററൻസ് കപ്പിൽ പങ്കെടുക്കുന്നത്. നവംബർ 13-ന് രാത്രി 9 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. നവംബർ 15-ന് ബഹ്‌റൈനിലെ പ്രശസ്ത അക്കാദമിയിലെ കുട്ടികളുടെ ടൂർണമെന്റും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ടൂർണമെന്റിന്റെ പ്ലാറ്റിനം സ്പോൺസർമാർ Al Amal Construction and Contracting Electrical Est.-ഉം, ഗോൾഡൻ സ്പോൺസർമാർ Pacific Cleaning and Detergent-ഉം ആണ്. വാർത്താ സമ്മേളനത്തിൽ '40 ബ്രദേഴ്സ്' പ്രസിഡന്റ് ഹലീൽ റഹ്‌മാൻ, ട്രഷറർ ഇബ്‌റാഹീം ചിറ്റണ്ട, റഷീദ് വടക്കാഞ്ചേരി, മുസ്തഫ ടോപ്‌മാൻ, ശറഫുദ്ധീൻ മാട്ടൂൽ, ഇസ്മായിൽ എലത്തൂർ, നൗഫൽ കണ്ണൂർ, ജെ.പി.കെ. തിക്കോടി, ശിഹാബ് പ്ലസ്, പ്രസാദ് എന്നിവർ പങ്കെടുത്തു.
adsdfsds
