സിവിൽ സർവീസ് രാജ്യസേവനത്തിന് യുവതലമുറ തയ്യാറാകണം: ഡോ. രാജു നാരായണ സ്വാമി IAS
പ്രദീപ് പുറവങ്കര
മനാമ: സ്റ്റുഡൻസ് ഗൈഡൻസ് ഫോറവും എഡ്യൂപാർക്കും സംയുക്തമായി സംഘടിപ്പിച്ച മിനി മാത് ഒളിമ്പ്യാഡിന്റെ സമാപന സമ്മേളനം ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുഖ്യാതിഥിയായി എത്തിയ ഡോക്ടർ രാജു നാരായണ സ്വാമി IAS നടത്തിയ പ്രഭാഷണവും തുടർന്നുണ്ടായ ചോദ്യോത്തര വേളയും ചടങ്ങിന് വേറിട്ട അനുഭവം നൽകി.
ആധുനിക വിവരസാങ്കേതിക മേഖലകളിലെ മാറ്റങ്ങൾ ചർച്ച ചെയ്ത അദ്ദേഹം, നിലവിലെ സാഹചര്യങ്ങൾ ഉൾക്കൊണ്ട് രാജ്യസേവനത്തിനായി സന്നദ്ധരാകാൻ യുവതലമുറയെ ഉത്ബോധിപ്പിച്ചു. തന്റെ ഭരണപരിചയവും സ്വന്തം അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട്, രാജ്യസേവനത്തിനായി സിവിൽ സർവീസ് പോലുള്ള പരീക്ഷകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ മാതാപിതാക്കളും അധ്യാപകരും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ഡോ. രാജു നാരായണ സ്വാമി ആവർത്തിച്ചു.
ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്ന സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തെ അദ്ദേഹം പ്രശംസിച്ചു. "ഒരു കുട്ടിയെ എങ്കിലും പ്രോത്സാഹിപ്പിക്കാൻ കഴിയുന്നുവെങ്കിൽ വലിയ സേവനമാണ് ഈ സംഘടന ചെയ്യുന്നത്" എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, SGF-ന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ താൽപര്യമുണ്ടെന്നും പ്രഖ്യാപിച്ചു.
SGF ചെയർമാൻ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപനത്തോടനുബന്ധിച്ച് 'കോഫി വിത്ത് ഡോക്ടർ രാജു നാരായണ സ്വാമി' എന്ന പരിപാടിയും നടന്നു. തമിഴ് ഇന്റർനാഷണൽ എഞ്ചിനീയർ ഫോറം സംഘടിപ്പിച്ച ചോദ്യോത്തരവേളയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകരായ സോമൻ ബേബി, ഇന്ത്യൻ ക്ലബ്ബ് വൈസ് പ്രസിഡൻറ് വിദ്യാധരൻ വി.എം, ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡൻറ് സയ്യിദ് റമദാൻ നദ്‌വി, അബ്ദുറഹ്മാൻ കാനു ഇന്റർനാഷണൽ സ്കൂൾ സി.ഇ.ഒ. സുനിൽ രാജ് രാജാമണി, ബഹ്റൈൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡൻറ് സ്മിത ജയ്സൺ, ഐ.സി.ആർ.എഫ്. മുൻ ചെയർമാൻ അരുൾ ദാസ് തോമസ് ഉൾപ്പെടെ ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
മിനി മാത് ഒളിമ്പിയാഡിന്റെ ജൂറി അംഗവും ഇന്ത്യൻ സ്കൂൾ മുൻ അധ്യാപകനുമായ വിജയകുമാർ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. എഡ്യൂപാർക്ക് ഡയറക്ടർമാരായ ബഷീർ മുഹമ്മദ്, സക്കറിയ ചുള്ളിക്കൽ, റജീന ഇസ്മായിൽ, SGF സഹകാരികളായ സൈദ് ഹനീഫ്, റിച്ചാർഡ് ഇമ്മാനുവേൽ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
aa
