സ്കൂൾ വാഹനത്തിനുള്ളിൽ നാല് വയസ്സുകാരൻ മരിച്ച സംഭവം : ബഹ്‌റൈൻ സ്വദേശിനി കുറ്റം സമ്മതിച്ചു
പ്രദീപ് പുറവങ്കര
മനാമ: സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽ ഉറങ്ങിപ്പോയതിനെ തുടർന്ന് നാല് വയസ്സുകാരൻ മരിച്ച ദാരുണ സംഭവത്തിൽ, കുട്ടിയുടെ മരണത്തിന് കാരണമായെന്ന് ബഹ്‌റൈൻ സ്വദേശിനി ഹൈ ക്രിമിനൽ കോടതിയിൽ കുറ്റസമ്മതം നടത്തി. അനധികൃതമായി സ്കൂൾ വാഹന സർവീസ് നടത്തിയിരുന്നതായും 40 വയസ്സുകാരിയായ പ്രതി കോടതിയെ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബർ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡെമിസ്താനിലെ കിന്റർഗാർട്ടനിലേക്ക് പോകുന്നതിനിടെ കാറിൽ ഉറങ്ങിപ്പോയ ഹസൻ അൽ മഹ്‌രി എന്ന നാല് വയസ്സുകാരനാണ് മരിച്ചത്. ഔദ്യോഗിക ലൈസൻസ് ഇല്ലാതെ സ്വകാര്യ വാഹനം ഉപയോഗിച്ചാണ് പ്രതി സർവീസ് നടത്തിയിരുന്നതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി.
സൗദി അറേബ്യയിൽ ഭർത്താവ് തടവിലായതിനാൽ മൂന്ന് മക്കളെ വളർത്താൻ വേണ്ടിയാണ് ഈ രീതിയിലുള്ള ജോലി ചെയ്തതെന്ന വാദവും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് നവംബർ ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട്.
sdfsdf
