ഹാദിയ വിമൻസ് അക്കാദമിയുടെ എട്ടാം എഡിഷന് നവംബറിൽ തുടക്കം; ക്ലാസുകൾ എട്ട് കേന്ദ്രങ്ങളിൽ
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ബഹ്റൈൻ വുമൺസ് എംപവർമെന്റ് ഡിപ്പാർട്‌മെന്റിന് കീഴിലുള്ള ഹാദിയ വിമൻസ് അക്കാദമിയുടെ എട്ടാമത് എഡിഷൻ പഠന ക്ലാസുകൾ നവംബർ ആദ്യവാരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാസി വനിതകൾക്കായി ജ്ഞാന സമ്പാദനവും, ക്രിയാത്മക ജീവിത പാഠങ്ങളും, ആത്മീയാനുഭവങ്ങളും ലക്ഷ്യമിട്ടുള്ള സംരംഭമാണിത്.
പുതിയ പഠനാരംഭം കുറിക്കുന്നതിൻ്റെ ഭാഗമായി, 'മുഖദ്ദിമ' എന്ന പേരിൽ എട്ട് റീജിയൻ കേന്ദ്രങ്ങളിലായി ഉദ്ഘാടന സംഗമങ്ങൾ നടക്കും. നിലവിലെ പഠിതാക്കളും പുതുതായി പ്രവേശനം നേടിയവരും ഒത്തുചേർന്ന് അനുഭവങ്ങൾ പങ്കുവെക്കുന്ന വേദിയായിരിക്കും ഇത്.
ഖുർആൻ പഠനം, സംസ്കാരം, ആരോഗ്യം, കൃഷി, സോഫ്റ്റ് സ്കിൽസ്, വ്യക്തിത്വ വികസനം എന്നിവ ഉൾക്കൊള്ളുന്ന പരിഷ്കരിച്ച കരിക്കുലം അനുസരിച്ചാണ് ഈ വർഷത്തെ ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. മുഹറഖ്, മനാമ, ഗുദൈബിയ, സൽമാബാദ്, ഉമ്മുൽ ഹസം, റിഫ, ഈസ ടൗൺ, ഹമദ് ടൗൺ എന്നിങ്ങനെ ബഹ്റൈനിലെ എട്ട് കേന്ദ്രങ്ങളിലാണ് ക്ലാസ് റൂമുകൾ സജ്ജമാക്കിയിരിക്കുന്നത്.
വനിതകളാൽ നയിക്കപ്പെടുന്ന ഈ സംരംഭത്തിൽ, പഠിതാക്കൾക്ക് വിവരങ്ങൾ കൈമാറുന്നതിനായി വ്യവസ്ഥാപിതമായ റഈസ, അമീറ, ഉമൈറ തുടങ്ങിയ നേതൃതലങ്ങളും പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും 3373 3691, 3885 9029 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
aa
